02 June Tuesday

നീരൊഴുക്കിന്‌ തടസ്സമായ കാറ്റാടി മരങ്ങൾ മുറിച്ചു

സ്വന്തം ലേഖകൻUpdated: Saturday May 23, 2020

കലക്‍‍ടര്‍ എം അഞ്‍‍ജന തോട്ടപ്പള്ളി പൊഴി സന്ദര്‍ശിക്കുന്നു

അമ്പലപ്പുഴ
തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റി. പ്രതിഷേധിച്ച മൂന്ന്‌ പേർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. പ്രളയത്തില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ മുങ്ങാതിരിക്കാന്‍ സ്‌പിൽവേയുടെ 370 മീറ്റർ നീളത്തിൽ പടിഞ്ഞാറ് കടൽത്തീരംവരെ മണൽനീക്കാനും നീരൊഴുക്ക് സുഗമമാക്കാനും വിദഗ്ധസംഘം നിർദേശിച്ചിരുന്നു. ഇതിന് തടസ്സമായിനിന്ന കാറ്റാടി മരങ്ങളാണ് മുറിച്ചത്. 
ഈ വര്‍ഷം കാലവർഷത്തോടൊപ്പം അതിവർഷവുമുണ്ടാകുമെന്ന കിഴക്കൻവെള്ളം കടലിലേക്ക് തടസ്സമില്ലാതെ ഒഴുക്കാനാണ് മരങ്ങൾ മുറിച്ചത്. പൊഴിമുഖത്തെ മണൽനീക്കവും ആരംഭിച്ചു. മരംവെട്ടുന്നത് കരിമണൽ കടത്താനാണെന്ന ആരോപണമുന്നയിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ സമരവുമായെത്തി. 
മാസങ്ങൾക്കുമുമ്പും ഇവർ ഇതേ ആരോപണമുന്നയിച്ച് സമരത്തിനെത്തിയിരുന്നു. ഐആർഇക്കായി മണനീക്കൽ ഏറ്റെടുത്ത കരാറുകാരനോട് ലക്ഷങ്ങൾ ആവശ്യപ്പെട്ട കോൺഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റും ധീവരസഭാ ജില്ലാ പ്രസിഡന്റുമായ ഓമനക്കുട്ടന്റെ പണം ആവശ്യപ്പെട്ടുള്ള ശബ്‌ദസന്ദേശം പുറത്തായതോടെ സമരത്തിന്റെ മുമ്പന്തിയിലുണ്ടായിരുന്ന മൂന്ന് കരയോഗങ്ങൾ പിന്മാറി. ധീവരസഭാ സംസ്ഥാന നേത‌ൃത്വത്തിന്റെ അറിവോടെയാണ് ഓമനക്കുട്ടൻ കോഴ ആവശ്യപ്പെട്ടതെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ധീവരസഭാ പ്രാദേശിക നേതാവ് കെ രത്നാകരനെ പിന്നീട് പുറത്താക്കി. കാറ്റാടി മുറിക്കുന്നതിനെതിരെ രംഗത്തുണ്ടായിരുന്ന ജനകീയ സമരസമിതിയുടെ നേതാവുകൂടിയായ രത്നാകരനൊപ്പം നിന്നവരും പിന്നീട് സമരത്തിൽനിന്ന് പിന്മാറി.

ലക്ഷ്യം പ്രളയനിയന്ത്രണം: കലക്‌ടർ 

ആലപ്പുഴ
തോട്ടപ്പള്ളിയിൽ പൊഴിയുടെ വീതികൂട്ടുന്നതും ഡ്രഡ്‌ജിങ്ങും  വെള്ളപ്പൊക്കം തടയുന്നതിനാണെന്ന്‌ കലക്‌ടർ എം അഞ്‌ജന. കാറ്റാടിമരങ്ങൾ മുറിച്ചുമാറ്റുന്നത് പൊഴിയുടെ വീതി കൂട്ടാനും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയാണെന്നും സ്ഥലം സന്ദർശിച്ചശേഷം കലക്‌ടർ പറഞ്ഞു. സർക്കാർ നിർദേശം അനുസരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് പ്രവൃത്തി. 
കാലവർഷം ശക്തമാകുമെന്ന സൂചനയുള്ളതിനാൽ‌ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതാണ്. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് മൂന്നുതരത്തിലുള്ള പ്രവ‌ൃത്തികളാണ് ഒരേസമയം തോട്ടപ്പള്ളിയിൽ നടക്കുന്നത്. തോട്ടപ്പള്ളി അപ്‌സ്ട്രീമിലെ ഡ്രഡ്‌ജിങ് പ്രവർത്തനങ്ങൾ 16ന് ആരംഭിച്ചിരുന്നു. പൊഴി മുറിക്കുന്ന പ്രവർത്തനങ്ങൾ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ നേത‌ൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top