25 June Tuesday

കാൽനൂറ്റാണ്ടിനിപ്പുറം വീണ്ടും ഞാറ്റുപാട്ടിൻ താളം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

തടത്തിൽ മഠത്തിൽപാടം കൃഷിയോഗ്യമാക്കുന്നു

 അമ്പലപ്പുഴ

തടത്തിൽ മഠത്തിൽ പാടശേഖരത്തിൽ 27 വർഷത്തിന‌്ശേഷം ഞാറ്റുപാട്ടിന്റെ താളം‌. കുറ്റിക്കാടും പുല്ലും വളർന്ന വയലിലേക്ക‌് വെള്ളമെത്തിക്കാൻ നിർവാഹമില്ലാതായതോടെ കൃഷി ഉപേക്ഷിച്ച‌് കാൽനൂറ്റാണ്ടിലേറെ തരിശുകിടന്ന പാടമാണ‌് ഇപ്പോൾ കൃഷിയോഗ്യമാക്കിയത‌്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിലാണ‌് പാടശേഖരം. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ കൃഷിയോഗ്യമാക്കിയ പാടത്ത‌് വിത ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ‌് കർഷകരും നാട്ടുകാരും.  
പഞ്ചായത്തംഗം ആർ രജിമോൻ ഇടപെട്ട‌് കർഷകരെ വിളിച്ചുചേർത്താണ‌് ഇവിടം വീണ്ടും കൃഷിഭൂമിയാക്കാൻ തീരുമാനമെടുത്തത‌്. പഞ്ചായത്ത് 2.5 ലക്ഷം രൂപ ചെലവഴിച്ച‌് തോടിന്റെ‌ ആഴംകൂട്ടി. 4.5 ലക്ഷം രൂപ ചെലവിൽ 13 വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് ത്രീ–ഫേസ് കണക‌്ഷൻ ലഭ്യമാക്കി. കൃഷിഭവനിൽനിന്ന‌് 15 എച്ച്പിയുടെ പമ്പ് സെറ്റ് ലഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിലം കൃഷിയോഗ്യമാക്കുന്ന പണി പുരോഗമിക്കുകയാണ‌്. 5,100 തൊഴിൽ ദിനങ്ങളാണ‌് അനുവദിച്ചത‌്. ജെസിബി ഉപയോഗിച്ച‌് തോട് ആഴംകൂട്ടും. കയർഭൂവസ‌്ത്രം ഉപയോഗിച്ച‌് പുനർനിർമിച്ച പുറംബണ്ടിൽ പച്ചക്കറി കൃഷി ആരംഭിക്കും. 30 ഏക്കർ വരുന്ന വയലിന്റെ പടിഞ്ഞാറു ഭാഗത്തെ 15 ഏക്കറിൽ ആദ്യഘട്ട കൃഷി ആരംഭിക്കും.
 രണ്ടാംഘട്ടമായി ബാക്കിവരുന്ന 15 ഏക്കറിൽ കൃഷിയിറക്കും. ഈ ഭാഗത്തേക്കുള്ള തോട് ആഴംകൂട്ടി സമീപത്തെ ദേശീയ ജലപാതയുമായി ബന്ധിപ്പിക്കുന്നതോടെ ജലക്ഷാമത്തിന‌് പരിഹാരമാകും. പാടത്തേക്കുള്ള റോഡിന്റെ പുനർനിർമാണത്തിന് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആറ‌് ലക്ഷം രൂപ ലഭ്യമാക്കും. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന‌് കൃഷിക്കാവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന‌് പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രനും സെക്രട്ടറി എസ് വിജിയും പറഞ്ഞു.
ആവശ്യമായ വിത്തും വളവും കൃഷിഭവൻവഴി ലഭ്യമാക്കുമെന്ന‌് കൃഷി ഓഫീസർ ഷിജിന പറഞ്ഞു. മേട്രൻമാരായ ഷൈല, ലത മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് ജോലി പുരോഗമിക്കുന്നത്.
പ്രധാന വാർത്തകൾ
 Top