22 September Sunday

റാങ്ക‌് ലിസ‌്റ്റിൽ തിരിമറി: നഗരസഭാ ചെയർമാനെ ഉപരോധിച്ചു

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019

എൽഡിഎഫ്‌ കൗൺസിലർമാർ നഗരസഭാ ചെയർമാൻ തോമസ്‌ ജോസഫിനെ ഉപരോധിക്കുന്നു

ആലപ്പുഴ 
കണ്ടിജൻസി ജീവനക്കാരെ നിയമിക്കാൻ തയ്യാറാക്കിയ റാങ്ക് ലിസ‌്റ്റിൽ തിരിമറി നടത്തി ക്രിമിനൽ കേസിൽ പ്രതിയായ ആലപ്പുഴ നഗരസഭാ ചെയർമാൻ രാജിവയ‌്ക്കണമെന്ന ആവശ്യം ശക്തം. രാജി ആവശ്യപ്പെട്ട‌് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ചെയർമാനെ ഉപരോധിച്ചു. 
ചൊവ്വാഴ‌്ച നടന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം ചെയർമാൻ തോമസ‌് ജോസഫിന്റെ രാജി ആവശ്യപ്പെട്ട‌ത‌്. 40 കണ്ടിജൻസി ജീവനക്കാരെ നിയമിക്കാൻ 2017ൽ ഇൻറർവ്യൂ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ‌്റ്റിലാണ‌് തിരിമറി നടത്തിയത്. ഇതുസംബന്ധിച്ച‌് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ഡി ലക്ഷ‌്മണന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക‌് പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന‌ വിജിലൻസ‌് കണ്ടെത്തലിനെതുടർന്ന‌് സൗത്ത് പൊലീസ് എഫ്ഐആർ തയ്യാറാക്കി കേസ് രജിസ‌്റ്റർ ചെയ‌്തു.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കണ്ടിജൻസി ജീവനക്കാരെ നേരിട്ട് നിയമിക്കാനായിരുന്നു നീക്കം. പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന‌ാണ‌് പിന്നീട‌് എംപ്ലോയ്‌മെന്റ് എക‌്സ‌്ചേഞ്ചിൽനിന്ന് ലിസ‌്റ്റ‌് വാങ്ങി നിയമനം നടത്തിയത‌്. പട്ടികജാതി സംവരണ ക്വോട്ടയിലും മറ്റൊരാളുടെ പേര‌് തിരുകിക്കയറ്റിയിരുന്നു. നഗരസഭ എൻജിനീയറുടെ പരിശോധനയിലാണ് ലിസ‌്റ്റിലെ തിരിമറി കണ്ടെത്തിയത്. തിരിമറി നടത്തിയ ലിസ‌്റ്റ‌് കൗൺസിൽ യോഗം അസാധുവാക്കിയിരുന്നു.
പിന്നീട‌് ഇന്റർവ്യൂ നടത്തി 37 പേരുടെ നിയമനം നടത്തി. ഈ നിയമനങ്ങളിലും കോഴ ആരോപണം ഉയർന്നിട്ടുണ്ട‌്. താൽക്കാലിക ജീവനക്കാരായ ഇവരെ സ്ഥിരപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. ചെയർമാൻ നടത്തിയ റിലയൻസ് കേബിൾ ഇടപാട‌ുൾപ്പടെ മറ്റ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചൊവ്വാഴ‌്ച കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ പ്രതിപക്ഷം റാങ്ക‌് ലിസ‌്റ്റ‌് തിരിമറി വിഷയം ഉന്നയിച്ചു. ക്രിമനൽ കേസിൽ പ്രതിയായ ചെയർമാനുമായി സഹകരിക്കില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ഡി ലക്ഷ‌്മണൻ പറഞ്ഞു. റാങ്ക‌് ലിസ‌്റ്റ‌് തിരിമറിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ പ്രതിയായ തോമസ് ജോസഫ്‌ ചെയർമാനായി തുടർന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിന് ലഭിക്കാൻ സാധ്യതയില്ല. മുമ്പും കേസുകളുമായി ബന്ധപ്പെട്ട രേഖകൾ അപ്രത്യക്ഷമാകുകയും പ്രത്യക്ഷമാകുകയും ചെയ‌്ത സംഭവങ്ങളുണ്ടായിട്ടുണ്ട‌്. കേസ് തീരുംവരെ തോമസ് ജോസഫ് മാറിനിൽക്കണമെന്ന‌് ലക്ഷ‌്മണൻ ആവശ്യപ്പെട്ടു.
എന്നാൽ രാജിവയ‌്ക്കാൻ തയ്യാറാകാതെ കൗൺസിൽ യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോകാനാണ‌് ചെയർമാൻ ശ്രമിച്ചത‌്. ഇതോടെയാണ‌് ചെയർമാനെ പ്രതിപക്ഷം ഉപരോധിച്ചത‌്. എൽഡിഎഫിനൊപ്പം പിഡിപി കൺസിലർമാരും ചേർന്നു. ബിജെപി കൗൺസിലർമാർ നിസംഗരായിരുന്നു.

യുഡിഎഫിൽ ഒറ്റപ്പെട്ട‌് ചെയർമാൻ 

ആലപ്പുഴ 
റാങ്ക‌് ലിസ‌്റ്റ‌് തിരിമറിക്കേസിൽ പ്രതിയായ നഗരസഭാ ചെയർമാനെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കളായ കൗൺസിലർമാർ എത്തിയില്ല. എപ്പോഴും യുഡിഎഫിനായി വാദിക്കുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ, അഡ്വ. മനോജ് കുമാർ എന്നിവർ കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി.
അഴിമതി വ്യക്തമായിട്ടും ബിജെപി കൗൺസിലർമാർ നിശബ‌്ദമായി ചെയർമാനെ പിന്തുണയ‌്ക്കുകയായിരുന്നു. അഴിമതിക്കെതിരെ ഒരുവാക്കുപോലും പറയാൻ ബിജെപി അംഗങ്ങൾ തയാറായില്ല. സ്വതന്ത്ര കൗൺസിലർമാരും നിശബ‌്ദത പാലിച്ചു. പിഡിപിയുടെ രണ്ട് കൗൺസിലർമാർ ചെയർമാന്റെ രാജി ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top