31 July Saturday

ലോക്ഡൗണ്‍ ലംഘനം: 186 വാഹനങ്ങൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

സമ്പൂർണ്ണ ലോക്ഡൗണിനെ തുടർന്ന് കലവൂർ ജങ്ഷനില്‍ പൊലീസ് ഏർപ്പെടുത്തിയ വാഹന പരിശോധന

ആലപ്പുഴ
ജില്ലയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറക്കിയ 186 വാഹനങ്ങൾ പൊലീസ്‌ പിടിച്ചെടുത്തു.  ലോക്ഡൗൺ ലംഘനത്തിന്‌ 24 മണിക്കുറിനുള്ളിൽ 39  കേസ് രജിസ്‌റ്റർ ചെയ്‌തു. 18 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ക്വാറന്റൈൻ ലംഘിച്ചതിന് ആറുപേർക്കെതിരെയും മാസ്‌ക്‌ ധരിക്കാത്തതിന് 457 പേർക്കെതിരെയും  സാമൂഹ്യ അകലം പാലിക്കാത്തതിന് 351 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 37,328 പേരെ താക്കീത്ചെയ്‌ത്‌ വിട്ടു. 
സമ്പൂർണ ലോക്ക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിലേക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാൻ പൊലീസ് പാസ് നിർബന്ധമാണെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ജി ജയദേവ്‌ അറിയിച്ചു. ടിപിആർ നിരക്ക് എട്ട്‌ ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലേക്കും ഭാഗിക ലോക്ക്ഡൗൺ  നിലവിലുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. സത്യപ്രസ്‌താവന കരുതണം. ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കും. എല്ലാ മദ്യവിൽപ്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ സജ്ജീകരിക്കണം. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ വ്യവസ്ഥകളിൽ അലംഭാവം അനുവദിക്കില്ല. തിരക്ക് നിയന്ത്രണാതീതമായാൽ പൊലീസ് ഇടപെടും. 
ബാർ, ബിയർ പാർലറുകൾ പകൽ 11  മുതൽ വൈകിട്ട്  ഏഴുവരെയാണ് പ്രവർത്തനാനുമതി.  ഇരുന്ന് കഴിക്കാൻ അനുമതിയില്ല. സമ്പൂർണ ലോക്ക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിലേക്ക് ചികിത്സ ആവശ്യങ്ങൾ, വിവാഹം, മരണാനന്തര ചടങ്ങ്, നിർമാണപ്രവർത്തനം, വ്യവസായികാവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top