മാന്നാർ
പത്രക്കടലാസുകളിൽനിന്ന് വിവിധ നിർമിതികൾ വിരിയിക്കുകയാണ് ലക്ഷ്‌മി. മൊബൈൽ സ്‌റ്റാൻഡ്, പെൻ സ്‌റ്റാൻഡ്, പുൽക്കൂട്, ഗിഫ്റ്റ് ബോക്‌സ്, പാവകൾ തുടങ്ങി മനോഹരനിർമിതികളാണ് മാന്നാർ കുരട്ടിക്കാട് ധർമ ശാസ്‌താക്ഷേത്രത്തിനുസമീപം കുമാർ വിലാസത്തിൽ ലക്ഷ്‌മി കുമാർ ഒരുക്കുന്നത്.
ലോക്‌ഡൗണിൽ ഈർക്കിലുകളിൽ കരകൗശലവസ്‌തുക്കൾ നിർമിച്ചാണ് തുടക്കം. പിന്നീട് പത്രക്കടലാസുകളിലായി. പത്രം ചെറുതായി ചുരുട്ടിയെടുത്ത് പശ ഉപയോഗിച്ച് ചേർത്ത് വച്ചാണ് നിർമാണം. അതിന്മേൽ നിറങ്ങൾ ചാർത്തും. സമ്മാനം നൽകാൻ ഇതിന് ഓർഡർ നൽകുന്നവരുമുണ്ട്.
ഭർത്താവ് കുമാറിന്റെ മാർക്കറ്റ് ജങ്ഷന് സമീപമുള്ള ജെ കെ ഫാൻസി സ്‌റ്റോറിൽ ഇതിനു ആവശ്യക്കാർ ഏറെയാണ്. വീട്ടുജോലി കഴിഞ്ഞ് കടയിലെത്തുന്ന ലക്ഷ്‌മി ഓരോദിവസവും വ്യത്യസ്‌തങ്ങളായ വസ്‌തുക്കളാണ് നിർമിക്കുന്നത്. ഇതിലൂടെ ചെറിയ വരുമാനവും ലഭിക്കുന്നു. വസ്‌തുക്കൾക്ക് വില നിശ്ചയിച്ചിട്ടില്ല. വാങ്ങുന്നവർ നൽകുന്ന തുക സ്വീകരിക്കും.
വീടിന്റെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിടുന്ന ലക്ഷ്‌മി, മെഹന്തി ഡിസൈനർ കൂടിയാണ്. ഭർത്താവ് കുമാറിനൊപ്പം മക്കളായ ജയകൃഷ്‌ണനും ജഗത് കൃഷ്‌ണനും ലക്ഷ്‌മിക്കുവേണ്ട സഹായങ്ങൾ ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..