18 October Friday

ഗൗരിയമ്മയെ പി കെ ശ്രീമതി സന്ദർശിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 20, 2019

കെ ആർ ഗൗരിയമ്മയെ കാണാനെത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പഴയകാല ചിത്രങ്ങൾ കാണിക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമീപം

 
ആലപ്പുഴ
മദ്രാസ്‌ പാർടി കോൺഗ്രസിലെ ഗ്രൂപ്പ്‌ ഫോട്ടോ പി കെ ശ്രീമതി മൊബൈൽ ഫോണിൽ കാണിച്ചപ്പോൾ ഗൗരിയമ്മയിൽ ഓർമയുടെ തിരയിളക്കം. ശ്രദ്ധയോടെ നോക്കിയശേഷം അതിലുള്ളതാരൊക്കെയെന്ന്‌ ഉറപ്പു വരുത്തി. നടുവിലുള്ള ഗൗരിയമ്മയെ കാണിച്ചപ്പോൾ എന്തിനിത്‌ സൂക്ഷിച്ചുവെന്നായി ചോദ്യം. ഗൗരിയമ്മയെ ഇഷ്ടമുള്ളതുകൊണ്ടെന്ന്‌ മറുപടി. കൂളിങ്‌ ഗ്ലാസ്‌ വച്ച്‌ നിൽക്കുന്ന പഴയ സമരനായികയ്‌ക്ക്‌ എന്താ പ്രൗഢിയെന്ന്‌ ശ്രീമതി പറഞ്ഞപ്പോൾ വയസായില്ലേയെന്ന്‌ കമന്റ്‌.     
 ചാത്തനാട്ടെ വസതിയിൽ  വ്യാഴാഴ്‌ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിനൊപ്പമാണ്‌ ശ്രീമതി എത്തിയത്‌. ചായയും പലഹാരവും  കൊടുക്കൂവെന്നായി ഗൗരിയമ്മ. ബിസ്‌ക്കറ്റിൽ ഒന്ന്‌ ശ്രീമതി ഗൗരിയമ്മയുടെ വായിൽവച്ച്‌ കൊടുത്തു.  ശ്രീമതിയുടെ കൈയിൽ കളിയായി കടിച്ച്‌ സ്‌നേഹ പ്രകടനം. 
 രാവിലെ ഗൗരിയമ്മ പാട്ടുപാടിയെന്ന്‌ ഒപ്പമുള്ളവർ പറഞ്ഞപ്പോൾ കൊച്ചുപിള്ളേരാ അതൊക്കെ ചെയ്യുന്നതെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു. എല്ലാവരും നിർബന്ധിച്ചതോടെ ഏതാനും വരി പാടി: ""ഒന്നാനാം കുന്നിന്മേൽ.. ഓരടി മണ്ണിന്മേൽ.. ഓരായിരം കിളി കൂടുവെച്ചു''.
""ഇനിയും കുറേവർഷക്കാലം ജീവിക്കണം. അതിനുള്ള ആരോഗ്യമുണ്ട്‌''–-  ആശംസ നേർന്നാണ്‌ ശ്രീമതി മടങ്ങിയത്‌. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭാ മധുവും ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top