22 September Sunday

ആലപ്പുഴ ന​ഗരസഭാചെയര്‍മാന്റെ രാജി വാങ്ങി കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019

 

ആലപ്പുഴ
ന​ഗരസഭാ ചെയർമാൻ തോമസ് ജോസഫിന്റെ രാജി കോൺഗ്രസ്‌ എഴുതി വാങ്ങി. തിങ്കളാഴ്‌ചത്തെ പാർലമെന്ററി പാര്‍ടി യോഗത്തിനൊടുവിലാണ് രാജി വാങ്ങിയത്. തോമസ് ജോസഫിന്റെ രാജി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു സ്ഥിരീകരിച്ചു.  
 ഭരണസമിതിയുടെ അവസാന രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് വാക്കാൽ കരാറുണ്ടായിരുന്നതായി ഒരുവിഭാഗം പറയുന്നു. എന്നാൽ ഇത് പാലിക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്ന തോമസ് ജോസഫിന്റെ രാജി നേത‌ൃത്വം ആവശ്യപ്പെടുകയായിരുന്നു. ഡിസിസി നിര്‍ദേശിക്കുന്ന സമയത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് രാജി കൈമാറും. ഇല്ലിക്കല്‍ കുഞ്ഞുമോനെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്  പത്രക്കുറിപ്പില്‍ അറിയിച്ചു. 
 ഒക്‌ടോബർ രണ്ടിന് ന​ഗരസഭയുടെ ശതാബ്‌ദി കെട്ടിടം ഉദ്ഘാടനംവരെ തോമസ് ജോസഫ് തുടരട്ടെയെന്നും അതിനുശേഷം മാറ്റം  തീരുമാനിക്കാമെന്നുമാണ് കോൺഗ്രസ്‌ നിലപാടെന്നാണ്‌ സൂചന. തിങ്കളാഴ്‌ചത്തെ യോ​ഗത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ രാജി ആവശ്യം ശക്തമായി ഉന്നയിച്ചു. കൗൺസിൽ അം​ഗങ്ങളിൽ ഭൂരിപക്ഷവും തോമസ് ജോസഫ് ചെയർമാനായി തുടരണമെന്ന് വാദിച്ചു. 
 സ്വാതന്ത്രദിനത്തിനുശേഷം സ്ഥാനമൊഴിയാമെന്നാണ്‌ തോമസ്‌ ജോസഫ്‌ പറഞ്ഞിരുന്നത്. എല്ലാവരോടും യാത്രപറയാനായി വിളിച്ചുചേർത്ത കൗണ്‍സിലില്‍ രണ്ടുമാസംകൂടി വേണമെന്ന് തോമസ് ജോസഫ് ആവശ്യപ്പെടുകയായിരുന്നു. ഇത് കോൺഗ്രസ്‌ അംഗീകരിച്ചില്ല. രാജി എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
പ്രധാന വാർത്തകൾ
 Top