18 February Monday

കരിഞ്ഞുണങ്ങി അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2017

മാന്നാര്‍ > പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ ജലദൌര്‍ലഭ്യത്തെ തുടര്‍ന്ന് കരിഞ്ഞുണങ്ങി. അപ്പര്‍കുട്ടനാടന്‍ മേഖലയായ ചെന്നിത്തല, മാന്നാര്‍, പാണ്ടനാട്, ബുധനൂര്‍, പുലിയൂര്‍ പാടശേഖരങ്ങളിലെ നെല്‍ച്ചെടികളാണ് കരിഞ്ഞുണങ്ങിയത്.

ഹരിത കേരളം പദ്ധതിയില്‍ ചെന്നിത്തലയില്‍ 2500 ഏക്കറും മാന്നാറില്‍ 1500 ഏക്കറും പാണ്ടനാട്ടില്‍ 170ഏക്കറും ബുധൂരില്‍ 400ഏക്കറും പുലിയൂരില്‍ 325 ഏക്കറുള്ള പാടങ്ങളില്‍ കൃഷിയിറക്കിയ 35-40 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ നശിച്ചു. തുലാവര്‍ഷ മഴ ലഭിക്കാതിരുന്നതും പിഐപി കനാലിലൂടെയുള്ള വെള്ളത്തിന്റെ വരവ് നിലച്ചതും ആറുകളിലും തോടുകളിലും ജലവിതാനം കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

വെള്ളമില്ലാത്ത അവസ്ഥയില്‍ മോട്ടോര്‍ തറകളുടെ പ്രവര്‍ത്തനങ്ങളും താറുമാറായിരിക്കുകയാണ്. പുലിയൂര്‍ പാടശേഖരത്ത് കൃഷിക്കാവശ്യമായ വെള്ളമില്ലാതെ പാടങ്ങള്‍ കരിഞ്ഞുണങ്ങിയതിനാല്‍ എഴുപതോളം കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു. ഇത്തരത്തില്‍ വരള്‍ച്ച തുടര്‍ന്നാല്‍ അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖല പൂര്‍ണമായി തകരും. ഇതിനോടകം ഓരോ കര്‍ഷകരും 20000 മുതല്‍ 50000 രൂപാ വരെ കൃഷിക്കായി ചെലവഴിച്ചു.

യഥാസമയം പാടങ്ങളില്‍ വെളളം ലഭിക്കാത്ത അവസ്ഥയില്‍ രണ്ടാം വളംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്്. കൂടാതെ ചിലയിടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണവും രൂക്ഷമായി തുടരുന്നു. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഓരുവെളള ഭീഷണിയും കര്‍ഷകരെ അലട്ടുന്നുണ്ട്. മാന്നാര്‍ മേഖലയില്‍ വരള്‍ച്ചയില്‍ മിക്കയിടങ്ങളിലും ശുദ്ധജല കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം അതിരൂക്ഷമായി.

അടിയന്തരമായി വറ്റിവരണ്ട നെല്‍പ്പാടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ജലസംഭരണികളായ ഡാമുകള്‍ തുറന്നുവിടണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരനും കര്‍ഷകസംഘം ഏരിയ സെക്രട്ടറി വി കെ തങ്കച്ചനും ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
 Top