22 September Sunday
ധനസമാഹരണം നാളെ

ഗൃഹനാഥനും മകനും രോഗശയ്യയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
അമ്പലപ്പുഴ
ക്യാൻസർബാധിതനായ ഗ‌ൃഹനാഥന്റെയും തലച്ചോറിന‌് അപൂർവരോഗം ബാധിച്ച മകന്റെയും ചികിത്സയ‌്ക്കായി ഞായറാഴ‌്ച ധനസമാഹരണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്പലപ്പുഴ വടക്ക‌് പഞ്ചായത്ത് 12-–-ാം വാർഡ് നീർക്കുന്നം കണ്ടൻകുളങ്ങര വെളിയിൽ വീട്ടിൽ കുഞ്ഞുമോൻ (49), മകൻ വിനീഷ് (23) എന്നിവരുടെ ചികിത്സക്കായാണ് സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത‌ൃത്വത്തിൽ ധനസമാഹരണം. 
 പെയിന്റിങ് തൊഴിലാളിയായ കുഞ്ഞുമോന‌് ആമാശയത്തിൽ ക്യാൻസറുള്ളതായി മൂന്നുമാസം മുമ്പാണ്  തിരിച്ചറിഞ്ഞത്. ഇതിനകം രണ്ട‌് ശസ‌്ത്രക്രിയകൾക്ക് വിധേയനായി.  വളഞ്ഞവഴിയിലെ സ്വകാര്യസ്ഥാപനത്തിൽ ദിവസവേതനത്തിൽ ജോലിചെയ‌്തിരുന്ന വിനീഷിന് ഒരുവർഷമായി തുടരുന്ന തലവേദന തലച്ചോറിലെ അപൂർവരോഗത്തെ തുടർന്നാണെന്ന‌് തിരിച്ചറിഞ്ഞതും ഈ കാലയളവിലാണ്. ഇതിനിടെ വിനീഷിന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നു. ഒരു കണ്ണിന്റെ കാഴ‌്ചയും നഷ‌്ടമായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ‌്ത്രക്രിയക്ക് വിധേയനായി. ഇരുവരുടെയും ചികിത്സയ‌്ക്ക‌് 13 ലക്ഷം രൂപ ചെലവായി. 
 കുഞ്ഞുമോന്റെ ഭാര്യ ബിന്ദുവും പ്ലസ്ടു വിദ്യാർഥിയായായ ഇളയമകൻ വിഷ‌്ണുവും ബന്ധുക്കളിൽന‌ിന്നും സുഹ‌ൃത്തുക്കളിൽനിന്നും കടം വാങ്ങിയും പലിശയ‌്ക്കെടുത്തുമാണ് ചികിത്സ നടത്തിയത‌്. കടം വീട്ടാനും തുടർചികിത്സയ‌്ക്കും പണം കണ്ടെത്താൻ ആകെയുള്ള മൂന്ന് സെന്റ‌് സ്ഥലവും ചെറിയ വീടും വിൽക്കാനൊരുങ്ങുകയാണ‌് ഈ കുടുംബം.  ഇതിനിടെയാണ‌് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ‌്പ്രസിഡന്റ‌് യു രാജുമോൻ ചെയർമാനും ബ്ലോക്ക‌് പഞ്ചായത്തംഗങ്ങളായ യു എം കബീർ കൺവീനറും, അനിത സതീഷ് വർക്കിങ് ചെയർമാനുമായി ചികിത്സാസഹായസമിതി രൂപീകരിച്ചത‌്.
12 മുതൽ 15 വരെയുള്ള വാർഡുകളിൽ സമിതി ഞായറാഴ‌്ച ധനസമാഹരണം നടത്തുമെന്ന‌് ഭാരവാഹികളായ യു എം കബീർ, എം എം സലിം, എ നൗഷാദ്, എ ഷൗക്കത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  സൗത്ത് ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 0145053000010112 എന്ന അക്കൗണ്ടിലൂടെയും സഹായം ലഭ്യമാക്കാം. ഐഎഫ്എസ‌്സി കോഡ്- എസ്ഐബിഎൽ000145.
പ്രധാന വാർത്തകൾ
 Top