20 August Tuesday

എൽഡിഎഫ‌് പ്രവർത്തകരെ ബിജെപിക്കാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
മാവേലിക്കര
മാവേലിക്കരയിൽ തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്തിയ എൽഡിഎഫ് പ്രവർത്തകർക്ക‌് നേരെ ബിജെപി ആക്രമണം. മാവേലിക്കര ടൗൺ തെക്ക് മേഖലയിൽ സ‌്ക്വാഡ‌് പ്രവർത്തനത്തിനിറങ്ങിയ നഗരസഭാ വനിതാ കൗൺസിലർ മധുബാല നടരാജനും സിപിഐ എം ടൗൺ തെക്ക് ലോക്കൽ കമ്മിറ്റിയംഗം ജയരാജിനും നേരെയാണ‌് ബിജെപി നേതാവ് സുരേഷിന്റെ നേത‌ൃത്വത്തിൽ കൈയേറ്റ ശ്രമമുണ്ടായത‌്.
  ഞായറാഴ്‌ച വൈകിട്ട് മാവേലിക്കര ശ്രീക‌ൃഷ്‌ണ ഗാനസഭാ ഹാളിന് തെക്കുഭാഗത്താണ് സംഭവം. വീടുകൾ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ കൈ‌യേറ്റം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ പരാതി നൽകാൻ മാവേലിക്കര പൊലീസ് സ‌്റ്റേഷനിലെത്തിയ തന്നോട‌് സിഐ അപമര്യാദയായി പെരുമാറിയതായി ജയരാജ‌് പറഞ്ഞു. 
 എൽഡിഎഫ‌് പ്രചാരണസാമഗ്രികൾ മാവേലിക്കര മണ്ഡലത്തിൽ വ്യാപകമായി നശിപ്പിക്കുന്നതായും വെട്ടിയാറിൽ സിപിഐ എം ചിഹ്നത്തിനിടയിൽ ആർഎസ്എസ് എന്നെഴുതിയതായും പരാതിയുണ്ട‌്. മണ്ഡലത്തിൽ പലയിടങ്ങളിലും എൽഡിഎഫ‌്  പ്രചാരണസാമഗ്രികൾ നശിപ്പിച്ചിട്ടുണ്ട്. പരാജയഭീതി പൂണ്ട ബിജെപി -ആർഎസ്എസ് നേത‌ൃത്വം ആക്രമം അഴിച്ചുവിടുകയാണെന്ന് എൽഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി പ്രസിഡന്റ് കെ രാഘവനും സെക്രട്ടറി കെ ചന്ദ്രനുണ്ണിത്താനും പ്രസ്‌താവനയിൽ പറഞ്ഞു. മാവേലിക്കര സിഐക്കെതിരെ  അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

എൽഡിഎഫ് ബൂത്ത് ഓഫീസ് തകർത്തു

ആലപ്പുഴ
 എൽഡിഎഫ് ബൂത്ത‌് കമ്മിറ്റി ഓഫീസും പ്രചാരണ ബോർഡുകളും തല്ലിത്തകർത്തു. ആലപ്പുഴ എ എൻപുരം വാർഡിലെ 52–-ാം നമ്പർ ബൂത്ത്‌ ഓഫീസും പ്രചാരണ ബോർഡുകളും പോസ‌്റ്ററുകളുമാണ് ഞായറാഴ‌്ച രാത്രി തകർത്തത്. 48–-ാം ബൂത്തിന്റെ പ്രചാരണ ബോർഡുകളും നശിപ്പിച്ചു.
 ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബൂത്ത്‌ കമ്മിറ്റിനേത‌ൃത്തത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയ  സെക്രട്ടറി അജയസുധീന്ദ്രൻ യോഗം ഉദ‌്ഘാടനം ചെയ‌്തു. തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി ജോസ‌് മാത്യു, ഉബൈദ്, എം സുനിൽകുമാർ, മനോജ്‌ എന്നിവർ സംസാരിച്ചു.
 

 

പ്രധാന വാർത്തകൾ
 Top