03 August Tuesday
ഇളവുണ്ട്; പക്ഷെ പിടിവിട്ടു പോകല്ലേ

വേണം, ജീവന്റെ വിലയുള്ള ജാഗ്രത

സ്വന്തം ലേഖകൻUpdated: Wednesday Jun 16, 2021
ആലപ്പുഴ
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ നീക്കുമ്പോൾ നാട്‌ ആവശ്യപ്പെടുന്നത്‌  ജീവന്റെ വിലയുള്ള ജാഗ്രത. രണ്ടാം തരംഗത്തെ അതിജീവിച്ച്‌ നാട്‌ കോവിഡിന്റെ ഡെൽറ്റ വകഭേദ ഭീഷണിയിലേക്ക്‌ കടക്കുമ്പോൾ ജാഗ്രതയും കരുതലും നിർണായകമാണ്‌. സർക്കാർ നിർദേശങ്ങൾ പാലിച്ച്‌ അനാവശ്യമായി പുറത്തിറങ്ങാതെ കൂട്ടംകൂടാതെ ജീവിതം ക്രമപ്പെടുത്തകയല്ലാതെ മുന്നിൽ വഴിയില്ല. 
നിയന്ത്രണങ്ങൾ അയയുമ്പോൾ പിടിവിട്ടു പോകുന്ന ശീലം ഇനിയും മാറിയിട്ടിയില്ലെന്ന്‌ നാല്‌ ദിവസം പൊലീസ്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്നു. സമ്പൂർണ ലോക്ക്‌ഡൗണായിരുന്ന ശനി, ഞായർ ദിവസങ്ങളിലെ കണക്കും ഒട്ടും ആശാവഹമല്ല. നാല്‌ ദിവസത്തിനുള്ളിൽ 150 കേസുകളാണ്‌ എടുത്ത്‌. 72 പേർ അറസ്‌റ്റിലായി. 633 വാഹനങ്ങൾ പിടിച്ചെടുത്തു. 
ശനിയാഴ്‌ച അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറക്കിയ 221 വാഹനങ്ങൾ പിടിച്ചെടുത്തു. കേസുകൾ 47, അറസ്‌റ്റ്‌ 17, ക്വാറന്റൈൻ ലംഘനം ഒമ്പത്‌, മാസ്‌ക്‌ ധരിക്കാത്തത്‌ 615, സാമൂഹ്യ അകലം പാലിക്കാത്തത്‌ 474 പേർ. 39,620 പേരെ താക്കീത് ചെയ്‌ത്‌ വിട്ടയച്ചു. പിറ്റേന്ന്‌ 108 വാഹനങ്ങൾപിടിച്ചെടുത്തു. കേസുകൾ 34, അറസ്‌റ്റ്‌ 21, ക്വാറന്റൈൻ ലംഘനം ഏഴ്‌, മാസ്‌ക്‌ ധരിക്കാത്തത്‌ 674, സാമൂഹ്യ അകലം പാലിക്കാത്തത്‌ 199 പേർ. 18,863 പേരെ താക്കീത് ചെയ്‌ത്‌ വിട്ടയച്ചു.
ഈ സാഹചര്യം വിലയിരുത്തി കശനനടപടി സ്വീകരിക്കാനാണ്‌ പൊലീസ്‌ തീരുമാനം‌. നിയന്ത്രണങ്ങൾക്ക്‌ അയവ്‌ വരുത്തിയെങ്കിലും നിയമലംഘകർക്കെതിരെ കർശനനടപടി സ്വീകരിക്കും. നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഹൈവേകളിലേക്കും പ്രധാനപാതകളിലേക്കുമുള്ള എല്ലാ ഇടറോഡുകളും പൂർണമായി അടയ്‌ക്കും. അടച്ച ബാരിക്കേഡുകൾ നീക്കിയാൽ കർശനമായ നടപടി ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ ഉൾപ്രദേശങ്ങളിൽ പൊലീസ് ബൈക്ക് പട്രോളിങ് ഉണ്ടാകും.
 ജില്ലയിൽ 319 ടീമുകളെയാണ് കണ്ടെയ്ൻമെന്റ് പരിശോധനയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്‌. 24 മണിക്കൂറിനിടെ ഇവർ 21,514 പേരെ പരിശോധിച്ചു. 
34 കേസ്‌ 
ആലപ്പുഴ
ലോക്ക്‌ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ ചൊവ്വാഴ്‌ച 34 കേസ്‌ രജിസ്‌റ്റർചെയ്‌തു. 23 പേരെ അറസ്‌റ്റ്‌ചെയ്‌തു. 187 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിന് ആറ്‌  പേർക്കെതിരെയും, മാസ്‌ക്‌ ധരിക്കാത്തതിന് 719 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 263 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 34,519 പേരെ താക്കീത് ചെയ്‌ത്‌ വിട്ടയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top