25 February Thursday

മുന്നോട്ട്‌ കുതിച്ച്‌ 
കുട്ടനാട് പാക്കേജ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കുട്ടനാടിനെ രക്ഷിക്കാനുള്ള പാക്കേജ്‌  മുന്നോട്ട്‌ കുതിക്കുകയാണ്‌. രണ്ടാം കുട്ടനാട്‌ പാക്കേജിന്‌ ‌കഴിഞ്ഞ ബജറ്റിൽ നിർദേശിച്ച പദ്ധതികൾ പ്രാവർത്തികമാക്കാനുള്ള നടപടിയിലാണ്‌ സർക്കാർ. കുട്ടനാട് പാക്കേജിന്റെ മൊത്തം അടങ്കൽ തുക 2400 കോടി രൂപയാണ്. 
 പരിസ്ഥിതി പുനഃസ്ഥാപനത്തിനും സാമൂഹ്യപശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയാണ്‌ പാക്കേജ്‌. കായൽശുചീകരണ ജനകീയ ക്യാമ്പയിന് 10 കോടി രൂപ അധികമായി വകയിരുത്തി. പുറംബണ്ടുകൾ വീതികൂട്ടി സംരക്ഷിക്കാനുള്ള ബൃഹത് പദ്ധതിക്ക് 160 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചു. ഈ വേനൽക്കാലത്ത് പഴനില കായലിലും തെരഞ്ഞെടുത്ത പാടശേഖരങ്ങളിലും പ്രവൃത്തി ആരംഭിക്കും.  
 വെള്ളപ്പൊക്ക നിയന്ത്രണത്തിന് പമ്പ– അച്ചൻകോവിൽ നദികളിലെ ഒഴുക്ക് സുഗമമാക്കാനും ലീഡിങ്‌ ചാനലിന് ആഴംകൂട്ടാനും തോട്ടപ്പള്ളി സ്‌പിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ നിർവഹണത്തിന്റെ അവസാനഘട്ടത്തിലാണ്. എസി കനാലിന്റെ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനവും ഏറ്റെടുക്കും. ഇതടക്കം 200 കോടി രൂപയാണ്‌ റീബിൽഡ് കേരളയിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്. 
 ജലസേചനവകുപ്പിന് 39 കോടി രൂപയും ക‌ൃഷിവകുപ്പിന്റെ വിവിധ പദ്ധതികളിലായി 20 കോടി രൂപയുമുണ്ട്. താറാവ് ഹാച്ചറിക്ക് ഏഴുകോടി രൂപയും വകയിരുത്തി. താറാവ് ക‌ൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷുറൻസ് ഏർപ്പെടുത്തും. 
കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടക്കുന്ന പ്രധാനപ്പെട്ട മറ്റ്‌ പദ്ധതികളിൽ 291 കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതിയും 150 കോടി രൂപയുടെ പുളിങ്കുന്ന് ആശുപത്രിയും എസി റോഡ്‌ നവീകരണവും ഉൾപ്പെടും. കിഫ്ബി പദ്ധതികളുടെ അടങ്കൽ 540 കോടി രൂപയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top