25 September Saturday

ആൻഡ്രൂസിന്റെ സ്വപ്‌നവും പൂവണിഞ്ഞു

ബി സുശീൽകുമാർUpdated: Wednesday Sep 15, 2021

അമ്പലപ്പുഴ ആറാട്ടുവഴി സർക്കാർവെളിയിൽ ആൻഡ്രൂസ് മക്കളോടൊപ്പം മന്ത്രി പി പ്രസാദിൽനിന്ന് പട്ടയം സ്വീകരിച്ച് മടങ്ങുന്നു ഫോട്ടോ ഷിബിൻ ചെറുകര

ആലപ്പുഴ
ആഹ്ലാദത്തിന് അതിരുകളില്ല. പിറന്ന നാട്ടിൽ ഒരുപിടി മണ്ണിന് താനും മക്കളും ഉടമകളായതിന്റെ സന്തോഷം. തനിക്ക് പട്ടയം നൽകി ഒരുപിടി മണ്ണിന്റെ അവകാശികളാക്കിയ എൽഡിഎഫ് സർക്കാരിനോടുള്ള കടപ്പാടും ആൻഡ്രൂസിന്റെ വാക്കുകളിൽ നിറയുകയാണ് . 
   അപ്പനപ്പൂപ്പൻമാരുടെ കാലം തൊട്ട് തോട്ടിപ്പണി ചെയ്‌തുവന്ന കുടുംബത്തിലെ അംഗമാണ് വണ്ടി വെളിയിൽ' (സർക്കാർ വെളി) ആൻഡ്രൂസ് (57). സെപ്റ്റിക് ടാങ്ക് മാലിന്യം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങൾ ഇടുന്ന സ്ഥലത്തു തന്നെയായിരുന്നു തലമുറകളായി താമസം.
പോളിയോ ബാധിച്ച് ഇടതുഭാഗം വളരെ ചെറുപ്പത്തിലെ തളർന്നു. ബാല്യകാലത്തിലേറെയും കിടപ്പായിരുന്നു. പിന്നീട് നടന്നുതുടങ്ങി. ഇപ്പോഴും ഇടത്‌ കൈക്കും വലത് കാലിനും സ്വാധീനമില്ല.
   ആറാട്ടുവഴി ജങ്‌ഷനിൽ തട്ട് സ്ഥാപിച്ച് ലോട്ടറി ടിക്കറ്റ് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടയിൽ തമിഴ്നാട്ടിൽ നിന്നു വിവാഹവും ചെയ്‌തു. രണ്ട്‌ പെൺകുട്ടികളായപ്പോൾ ഭാര്യ ആൻഡ്രൂസിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി. ഇതോടെ കുട്ടികളെ വളർത്തി സംരക്ഷിക്കേണ്ട ചുമതലയും  ആൻഡ്രൂസിനായി. കുട്ടികൾക്കിപ്പോൾ പ്രായം 10 ഉം ഒൻപതും. നഗരസഭയുടെ വസ്‌തുവിലെ അടച്ചുറപ്പില്ലാത്തതും ചോർന്നൊലിക്കുന്നതുമായ കൊച്ചുവീട്ടിൽ പെൺകുട്ടികളുമായുള്ള ജീവിതം കൂടുതൽ ദുരിതപൂർണമായി. കുട്ടികളുടെ സുരക്ഷയ്‌ക്കായി ലോട്ടറി കച്ചവടം ഉപേക്ഷിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലായി ജീവിതം. എന്നിട്ടും ആൻഡ്രൂസ് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. രണ്ടാളും നാലാം ക്ലാസിലായി. സ്‌കൂൾ അധികൃതരുടെ സഹായവും ആശ്വാസമാണെന്ന് ആൻഡ്രൂസ് പറഞ്ഞു.
   കിടപ്പാടം നിൽക്കുന്ന വസ്‌തുവിന്റെ പട്ടയത്തിനായി കാലങ്ങളായി ശ്രമം നടത്തിയിരുന്നു. 2016ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ശ്രമം നടത്തി. പക്ഷെ, ഇപ്പോഴാണ്  പട്ടയം ലഭിച്ചത്. ഇനി കെട്ടുറപ്പുള്ള ഒരു വീട്. പെൺകുട്ടികളുമായി സുരക്ഷിതബോധത്തോടെ കഴിയുക എന്നതാണ് ആൻഡ്രൂസിന്റെ സ്വപ്‌നം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top