17 July Wednesday

കടലാക്രമണം: അടിയന്തര പ്രവൃത്തികൾക്ക‌ായി ആലപ്പുഴയ‌്ക്ക‌് 5 കോടി

സ്വന്തം ലേഖകൻUpdated: Saturday Jun 15, 2019

കടലാക്രമണഭീഷണിയുള്ള നീർക്കുന്നം പുതുവലിൽ കടൽഭിത്തിക്ക്‌ മുകളിലൂടെ ഇരച്ചെത്തുന്ന തിരമാല, കടൽക്ഷോഭത്തിൽ തകർന്ന വീടിന്റെ ചുമരുകളും കാണാം

ആലപ്പുഴ> ജില്ലയിൽ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തര പ്രവൃത്തികൾക്കായി സർക്കാർ അഞ്ച‌ുകോടി രൂപ അനുവദിച്ചു. വലിയഴീക്കൽ, തറയിൽക്കടവ്, പെരുംപള്ളി, നല്ലാനിക്കൽ, ആറാട്ടുപുഴ, ത‌ൃക്കുന്നപ്പുഴ, പാനൂർ കോമന, മാധവമുക്ക്, നീർക്കുന്നം, വാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂർ കോളേജ് ജങ്ഷൻ, കോർത്തുശേരി, ഒറ്റമശേരി, ആയിരംതൈ, അർത്തുങ്കൽ, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ പ്രവൃത്തികൾക്കാണ‌് തുക അനുവദിച്ചത‌്. ജില്ലയിലെ മന്ത്രിമാരുടെ നേത‌ൃത്വത്തിൽ നിയസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ‌് തീരുമാനം.
 
ജിയോബാഗ് വാങ്ങാനുള്ള തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അക്കൗണ്ടിൽനിന്ന‌് കലക‌്ടർ അഡ്വാൻസ്ചെയ്യും. ആവശ്യമായ ബാഗുകൾ ലഭ്യമാക്കാൻ ഇറിഗേഷൻ എക‌്സിക്യൂട്ടീവ് എൻജിനിയർമാർ അടിയന്തര നടപടി സ്വീകരിക്കണം. കടലാക്രമണം രൂക്ഷമായ ഇടങ്ങളിൽ പ്രദേശവാസികളുടെകൂടി പങ്കാളിത്തത്തോടെ ഉടനടി ജിയോ ബാഗുകൾ വിന്യസിക്കും. പ്രവൃത്തികൾ ഒരാഴ‌്ചയ‌്ക്കുള്ളിൽ തുടങ്ങാൻ കലക‌്ടർക്ക് നിർദേശം നൽകിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു.
 
പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തോട്ടപ്പള്ളിയിൽ കടലാക്രമണത്തിൽ വീട് നഷ‌്ടപ്പെട്ടവർക്ക് ഫിഷറീസ് വകുപ്പിന്റെ നേത‌ൃത്വത്തിൽ ഫ്ലാറ്റ് നിർമാണം തുടങ്ങി. ഇതിനായി 85 കോടി രൂപ അനുവദിച്ചു. യോഗത്തിൽ മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരൻ, കെ ക‌ൃഷ‌്ണൻകുട്ടി, പി തിലോത്തമൻ, മേഴ്സിക്കുട്ടി അമ്മ, നിയുക‌്ത എംപി എ എം ആരിഫ്, കലക‌്ടർ എസ് സുഹാസ്, ജലവിഭവവകുപ്പ‌് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജലവിഭവ   മന്ത്രിയുമായി മന്ത്രി ജി സുധാകരൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ‌്  യോഗം ചേർന്നത‌്.
പ്രധാന വാർത്തകൾ
 Top