18 July Thursday

മഴ കുറവ‌്, കടലാക്രമണം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
ആലപ്പുഴ
മഴ കുറഞ്ഞെങ്കിലും ജില്ലയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. അമ്പലപ്പുഴയിലെ നാല‌് വീടുകൾ കടലാക്രമണത്തിൽ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക‌് തകരാർ സംഭവിച്ചിട്ടുണ്ട‌്. കടലാക്രമണത്തെ ചെറുക്കാനുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ ജില്ലയ‌്ക്ക‌് അനുവദിച്ചിട്ടുണ്ട‌്. മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത‌് ജലവിഭവമന്ത്രിയുമായി നടത്തിയ കൂടിക്കാഴ‌്ചയിലാണ‌് തീരുമാനം. 
മഴയിലും കാറ്റിലും കടലാക്രമണത്തിലും ഏഴ‌് വീടുകളാണ‌് പൂർണമായി തകർന്നത‌്. 25 വീടുകൾ ഭാഗീകമായി തകർന്നു. വെള്ളിയാഴ‌്ച പകൽ മഴ വിട്ടുനിന്നു. 15.13 മില്ലീ മീറ്ററാണ‌് ലഭിച്ച ശരാശരി മഴ. വ്യാഴാഴ‌്ച ഇത‌് 21.13 എംഎം ആയിരുന്നു.      
കേരളതീരത്ത് ശനിയാഴ‌്ച രാത്രി 11.30 വരെ മൂന്നുമുതൽ 3.9 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. വേലിയേറ്റ സമയമായ രാവിലെ ഏഴുമുതൽ 10 വരെയും രാത്രി ഏഴുമുതൽ എട്ടുവരെയും താഴ‌്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. 
പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പിൽ പറയുന്നു.
പ്രധാന വാർത്തകൾ
 Top