18 June Tuesday

എൽഡിഎഫ‌് പ്രചാരണം വള്ളപ്പാട‌് മുന്നിൽ

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019
ആലപ്പുഴ
മൂന്നാംഘട്ട ബൂത്തുതല സ്വീകരണപര്യടനം പൂർത്തിയാക്കി എൽഡിഎ‌ഫ‌് സ്ഥാനാർഥി എ എം ആരിഫിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക‌്. വോട്ടെടുപ്പിന‌് ഒരാഴ‌്ചമാത്രം ശേഷിക്കെ പ്രചാരണരംഗത്ത‌് എതിരാളികളെ വള്ളപ്പാടകലം പിന്നിലാക്കി മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ‌് എൽഡിഎഫ‌്. 
എംഎൽഎ എന്ന നിലയിൽ അരൂരിൽ എ എം ആരിഫ‌് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിലുടനീളം ചർച്ചയാക്കാൻ എൽഡിഎഫിന‌് കഴിഞ്ഞു. എൽഡിഎഫ‌് സർക്കാരിന്റെ വികസനനേട്ടങ്ങളും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കേണ്ടതിന്റെ അനിവാര്യതയും പ്രചാരണവിഷയമായി. സ്ഥാനാർഥി പ്രഖ്യാപനത്തിന‌് പിന്നാലെ ബൂത്ത‌ുതലംവരെയുള്ള കൺവൻഷനുകൾ പൂർത്തിയാക്കിയാണ‌് എൽഡിഎ‌ഫ‌് സ്വീകരണ പര്യടനങ്ങളിലേക്ക‌് കടന്നത‌്. പര്യടനം തുടങ്ങും മുമ്പ‌ുതന്നെ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും സ്ഥാനാർഥി നേരിട്ടെത്തി. മാർച്ച‌് 23ന‌് ആരംഭിച്ച പര്യടനത്തിൽ മൂന്നുഘട്ടങ്ങളിലായി കരുനാഗപ്പള്ളിമുതൽ അരൂർവരെയുള്ള ഏഴ‌് നിയമസഭാ മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും എൽഡിഎഫ‌് സ്ഥാനാർഥിയെത്തി‌. സ്വീകരണകേന്ദ്രങ്ങളിൽ വൻജനാവലിയാണ‌് ആരിഫിനെ വരവേറ്റത‌്. സ‌്ത്രീകളുടെ വൻപങ്കാളിത്തം സ്വീകരണകേന്ദ്രങ്ങളിൽ ദ‌ൃശ്യമായി. കുടുംബയോഗങ്ങളും സ‌്ക്വാഡ‌് പ്രവർത്തനങ്ങളും നല്ലരീതിയിൽ പുരോഗമിക്കുന്നതും എൽഡിഎഫിന‌് ആത്മവിശ്വാസമേകുന്നു. 
സ്ഥാനാർഥി പ്രഖ്യാപനം വൈകിയതും വോട്ടർമാർക്കിടയിൽ സ്ഥാനാർഥികൾക്ക‌് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതും പ്രചാരണത്തിലെ മെല്ലെപ്പോക്കും യുഡിഎഫ‌്, എൻഡിഎ പ്രചാരണത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ പലയിടത്തും യുഡിഎഫ‌് പ്രചാരണത്തിൽനിന്ന‌് കോൺഗ്രസ‌് നേതാക്കൾ വിട്ടുനിൽക്കുന്ന സാഹചര്യം ആലപ്പുഴയിലുമുണ്ടെന്നാണ‌് ആക്ഷേപം. പ്രചാരണം ഏകോപിപ്പിക്കാൻ എൻ പീതാംബരക്കുറുപ്പിനെ നിയോഗിച്ചത‌് കോൺഗ്രസിനുള്ളിലെ പടലപ്പിണക്കം കാരണമെന്ന ആരോപണം നിലനിൽക്കുന്നു. താഴേത്തട്ടിൽ പ്രചാരണം ശക്തമല്ലെന്ന വികാരം പാർടിക്കുള്ളിലുണ്ട‌്. സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാനും ഒപ്പമുള്ളവരുമാണ‌് പ്രചാരണപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത‌്. പരമാവധി സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും ഓടിയെത്തണമെന്ന ലക്ഷ്യത്തോടെയാണ‌് ബൂത്തുതല സ്വീകരണപര്യടനം പുരോഗമിക്കുന്നത‌്. 2014ലെ തെരഞ്ഞെടുപ്പുകാലത്ത‌് കെ സി വേണുഗോപാലിനും എ എ ഷുക്കൂറിനും വി എം സുധീരനുമെതിരെ ഷാനിമോൾ ഉസ‌്മാൻ സ്വീകരിച്ച നിലപാടുകൾ തിരിച്ചടിയാകുമെന്ന ആശങ്കയാണ‌് നേതാക്കളെ അകറ്റിനിർത്തുന്നത‌് എന്നാണ‌് ആക്ഷേപം. 
പ്രചാരണത്തിൽ പിന്നിലായതിന്റെ ക്ഷീണം മറികടക്കാൻ മറ്റുവഴികളും യുഡിഎഫ‌് തേടുന്നുണ്ട‌്. എൽഡിഎഫ‌് കൂടുതൽ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചു എന്നാണ‌് യുഡിഎഫിന്റെ പുതിയ ആരോപണം. ചൊവ്വാഴ‌്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗത്തിൽ പരമാവധി പ്രവർത്തകരെ എത്തിച്ച‌് പ്രചാരണത്തിൽ സജീവമാണെന്ന ധാരണ പരത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ‌് കോൺഗ്രസ‌്. 
കോൺഗ്രസ‌് വിട്ടെത്തിയ ഡോ. കെ എസ‌് രാധാക‌ൃഷ‌്ണനെ സ്ഥാനാർഥിയാക്കിയ ബിജെപിയാകട്ടെ കഴിഞ്ഞതവണ ലഭിച്ച വോട്ടുകൾ നിലനിർത്താനുള്ള പെടാപ്പാടിലാണ‌്. കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമായതിനാൽ താഴേത്തട്ടിലുള്ള പ്രചാരണങ്ങളേക്കാൾ റോഡ‌് ഷോ, സ്ഥാനാർഥിയുമായി സംവാദം എന്നിങ്ങനെ കൂടുതൽ പണം ചെലവഴിച്ച‌ുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ‌് എൻഡിഎ ശ്രമിക്കുന്നത‌്. തീരമേഖല കേന്ദ്രീകരിച്ച‌് ബിജെപി സ്ഥാനാർഥി ജാതി പറഞ്ഞ‌് വോട്ടുപിടിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട‌്. ശബരിമല വിഷയം പ്രചാരണരംഗത്ത‌് ഉയർത്താൻ ശ്രമമുണ്ടെങ്കിലും വേണ്ടത്ര പിന്തുണ വോട്ടർമാരിൽനിന്ന‌് ലഭിക്കാത്തത‌് തിരിച്ചടിയായി. കെ എസ‌് രാധാക‌ൃഷ‌്ണൻ വൈസ‌്പ്രസിഡന്റായ ശബരിമല കർമസമിതിയുടെ പേരിൽ വർഗീയ സ്വഭാവമുള്ള പ്രചാരണ ബോർഡുകൾ മണ്ഡലത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top