23 October Wednesday
പൊതിച്ചോർ വിതരണം മുടക്കാതെ ഡിവൈഎഫ്‌ഐ

മിഴി നിറയില്ലെന്നുറപ്പ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ‌്ഐ സമ്മാനിച്ചത‌് വയറെരിയാത്ത 682 ദിനങ്ങൾ. പ്രളയകാലത്തുപോലും മുടങ്ങാതെയെത്തിയ പൊതിച്ചോർ, യുഡിഎഫ‌ിന്റെ പരാതിയെത്തുടർന്ന‌് ഇല്ലാതാകുമോ എന്ന ആശങ്കയെ മറികടന്ന‌ായിരുന്നു ഞായറാഴ‌്ചത്തെ ഭക്ഷണവിതരണം. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ എന്ന മുദ്രാവാക്യത്തോടെയുള്ള ‘ഹ‌ൃദയപൂർവം’ പദ്ധതിയിൽ 4000-ത്തോളം പൊതിച്ചോറാണ‌് വിഷുത്തലേന്ന‌് വിതരണംചെയ‌്തത്. 
ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിലുള്ള പദ്ധതിയിൽ ചേർത്തല പെരുമ്പളം മേഖലാ കമ്മിറ്റിക്കായിരുന്നു ഞായറാഴ‌്ചത്തെ ഭക്ഷണവിതരണ ചുമതല. മേഖലാ സെക്രട്ടറി സി ആർ ഗിരീഷ‌്, പ്രസിഡന്റ‌് ടി എ രാജീവ‌് എന്നിവരുടെ നേത‌ൃത്വത്തിൽ രാവിലെ ഏഴുമുതൽ വീടുകളിലെത്തി ശേഖരിച്ച ഭക്ഷണം പകൽ 11.30 ഓടെ ആശുപത്രിയിലെത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ വിതരണം ഉദ്ഘാടനംചെയ‌്തു. സാധാരണക്കാരെ പട്ടിണിക്കിട്ട് വോട്ടുമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ വിശപ്പിന്റെ വേദന മനസിലാക്കാത്തവരാണെന്ന് ഞായറാഴ‌്ച ആദ്യപൊതി ഏറ്റുവാങ്ങിയ കായംകുളം പുതുപ്പള്ളി പ്ലാമൂട്ടിൽ മുഹമ്മദ് ബഷീർ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എ സ്വരരാജ്, ബ്ലോക്ക് സെക്രട്ടറി ജി വേണുഗോപാൽ, പ്രസിഡന്റ‌് അജ്മൽ ഹസൻ എന്നിവർ പങ്കെടുത്തു. 
രണ്ട‌് വർഷത്തിനിടയിൽ നിരവധി പ്രതിസന്ധികളെ ഡിവൈഎഫ‌്ഐ പ്രവർത്തകർ അതിജീവിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ‌് കമീഷനെ സമീപിച്ചതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ‌് നിരീക്ഷകരായ ഉദ്യോഗസ്ഥസംഘം കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയിരുന്നു. പ്രളയകാലത്ത‌് സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ അടുപ്പുകൂട്ടിയാണ‌് കഞ്ഞിയും പയറും പാചകംചെയ‌്ത‌് ആശുപത്രിയിലെത്തിച്ചത്. സംഘപരിവാർ ഹർത്താൽ ദിവസം ഭക്ഷണവുമായെത്തിയ കാർ ബിജെപി, ആർഎസ്എസ് പ്രവർത്തകർ മാന്നാറിൽ അടിച്ചുതകർത്തിട്ടും പൊതിച്ചോർ വിതരണത്തിന് തടസ്സമുണ്ടായില്ല.
ഓരോ ദിവസത്തെ ഭക്ഷണവിതരണശേഷം ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തവും ദാനംചെയ‌്താണ് പ്രവർത്തകർ മടങ്ങുന്നത്. വാഴയിലയിലും മറ്റും പൊതിഞ്ഞെത്തിക്കുന്ന ഭക്ഷണം രോഗികളും കൂട്ടിരിപ്പുകാരും കഴിച്ചശേഷം ഇവ തിരികെ ശേഖരിച്ച് ആശുപത്രി വളപ്പിനെ മാലിന്യമുക്തമാക്കാനും ശ്രദ്ധിക്കാറുണ്ട്.
പ്രധാന വാർത്തകൾ
 Top