04 July Saturday
രോഗം സ്ഥിരീകരിച്ചു

പശുക്കളിൽ ചർമമുഴ

കെ എസ്‌ ഗിരീഷ്‌Updated: Wednesday Jan 15, 2020
ആലപ്പുഴ
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പശുക്കളിൽ ചർമമുഴ രോഗം (ലംപി സ്‌കിൻ ഡിസീസ്‌) സ്ഥിരീകരിച്ചു. രോഗലക്ഷണമുണ്ടായിരുന്നവയുടെ സ്രവ– -വ്രണ സാമ്പിൾ പരിശോധിച്ച തിരുവനന്തപുരം ചീഫ്‌ ഡിസീസ്‌ ഇൻവെസ്‌റ്റിഗേഷൻ ഓഫീസാണ്‌ (സിഡിഐഒ) രോഗം സ്ഥിരീകരിച്ചത്‌. വീയപുരം, തകഴി, ഹരിപ്പാട്‌, പള്ളിപ്പാട്‌, ആലപ്പുഴ 
നഗരസഭ എന്നിവിങ്ങളിലെ പശുക്കളിലാണ്‌ ചർമമുഴ കണ്ടെത്തിയത്‌. 10 സാമ്പിളുകളിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
മരണനിരക്ക്‌ വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും മൃഗസംരക്ഷണവകുപ്പ്‌ അധിക‌ൃതർ അറിയിച്ചു. പ്രതിരോധ കുത്തിവയ്‌പ്പിന്‌ മരുന്ന്‌ ലഭ്യമാക്കാൻ നടപടിയെടുത്തു.
ലക്ഷണങ്ങൾ
പനി, തീറ്റ മടുപ്പ്‌, തൊലിപ്പുറത്തുണ്ടാകുന്ന വ്രണം എന്നിവയാണ്‌ രോഗലക്ഷണങ്ങൾ. രോഗബാധയുള്ളവയുടെ വായിൽനിന്ന്‌ വരുന്ന സ്രവങ്ങൾ, തൊലിപ്പുറത്തുള്ള വ്രണങ്ങൾ എന്നിവയിലൂടെയാണ്‌ വ്യാപനം.
 വ്യാപനം തടയാം
രോഗം ബാധിച്ചാൽ പാൽ ഉൽപ്പാദനം കുറയുമെന്നതാണ്‌ പ്രധാന ഭീഷണി. ഉൽപ്പാദനം പൂർവസ്ഥിതിയിലാകാൻ ആഴ്‌ചകൾ വേണ്ടിവരും. ഗർഭം അലസാനും സാധ്യതയുണ്ട്‌. 
രോഗം തടയാൻ കർഷകരുടെയും കരുതൽ വേണം. രോഗമുള്ളവയെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്‌. മറ്റ്‌ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാനും ശ്രമിക്കണം. കൊതുക്‌, ചെള്ള്‌, പേൻ എന്നിവയെ നശിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. തൊഴുത്തും പരിസരവും അണുനാശിനി ഒഴിച്ച്‌ കഴുകി വൃത്തിയാക്കണം.
പ്രധാന വാർത്തകൾ
 Top