26 August Monday
വെള്ളപ്പൊക്കമേഖലകളിൽ രാത്രിയിലും ബോട്ട്‌ സജ്ജം

കൂടുതൽ ബോട്ട്‌ സർവീസ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
ആലപ്പുഴ
വെള്ളപ്പൊക്കത്തിൽ റോഡ്‌ ഗതാഗതം തടസ്സപ്പെടുന്നതുമൂലമുള്ള യാത്രാപ്രശ്‌നം പരിഹരിക്കാൻ കൂടുതൽ ബോട്ട്‌ സർവീസുമായി ജലഗതാഗതവകുപ്പ്. ജലനിരപ്പ്‌ ഉയരുന്ന മേഖലകൾക്ക്‌ കരുതലും ഒരുക്കുന്നു. അടിയന്തരസാഹചര്യം നേരിടാൻ ജലഗതാഗതവകുപ്പിന്റെ ഏഴ്‌  ബോട്ട്‌ രാത്രി മുഴുവൻ ഈ മേഖലകളിൽ സജ്ജമാക്കും.  
നിലവിലെ സർവീസുകളുടെ എണ്ണം കൂട്ടിയതിന്‌ പുറമേ അധികമായി മൂന്ന്‌  ബോട്ടുകൾകൂടി ഓടിച്ചാണ്‌ യാത്രാക്ലേശം പരിഹരിക്കുന്നത്‌. ആലപ്പുഴയിൽനിന്ന്‌ നെടുമുടി, കൈനകരി, കാവാലം, എടത്വ മേഖലകളിലേക്കാണ്‌ കൂടുതൽ സർവീസ്‌. യാത്രക്കാരുടെ തിരക്കിനനുസരിച്ചാണ്‌ ബോട്ട്‌ വിടുക. യാത്രാതിരക്ക്‌ ഇല്ലാത്ത ഇടങ്ങളിലേക്കുള്ള ബോട്ടും വൈക്കം ഫെറിയിൽനിന്നുള്ള ഒന്നും അറ്റകുറ്റപ്പണി കഴിഞ്ഞ്‌ ഇറക്കിയ ബോട്ടും ഉപയോഗിച്ചാണ്‌ അധിക സർവീസ്‌ നടത്തുന്നത്‌. 
നെടുമുടി, പുളിങ്കുന്ന്‌, കൈനകരി, ആലപ്പുഴ, നീരേറ്റുപുറം മേഖലകളിലെ ഏഴിടങ്ങളിലാണ്‌ രാത്രി മുഴുവൻ ബോട്ട്‌ സേവനം ഉറപ്പാക്കിയിട്ടുള്ളത്‌. വെള്ളം കയറുന്ന വീടുകളിൽനിന്ന്‌ സുരക്ഷിതസ്ഥാനത്തേക്ക്‌ ഏത്‌  സമയത്തും മാറാനാണ്‌ രാത്രിയിൽ ബോട്ട്‌  സജ്ജമാക്കിയിരിക്കുന്നത്‌. ചങ്ങനാശേരി ഭാഗത്തുള്ളവർക്കുകൂടിയാണ്‌ നീരേറ്റുപുറത്തെ ബോട്ടെന്നും സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക‌്ടർ ഷാജി വി നായർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top