15 May Saturday
ബജറ്റിലെ ഒരു പ്രഖ്യാപനം കൂടി നടപ്പാകുന്നു

ഡിജിറ്റൽ നൈപുണി പരിശീലന – 
തൊഴിൽ പദ്ധതി തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

നൈപുണി പരിശീലനത്തിനായി ഒരുക്കിയ പാതിരപ്പള്ളി ഔവ്വര്‍ ലൈബ്രറിയിലെ പ്രതിഭാതീരം കംപ്യൂട്ടര്‍ ലാബ്

ആലപ്പുഴ
ഡിജിറ്റല്‍ നൈപുണി പരിശീലനം നൽകാനും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ പദ്ധതി തുടങ്ങുകയാണെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പ്രതിഭാതീരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2ഡി, 3ഡി മേഖലയിൽ 40 പേർക്കും ക്വാളിറ്റി അഷ്വറന്‍സ്/സോഫ്റ്റ്‌വെയർ ക്വാളിറ്റി കൺട്രോൾ പരിശീലനത്തിന് 100 പേർക്കുമാണ് പരിശീലനം നൽകുക. പരിശീലനം  വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ജോലി നൽകാൻ തയ്യാറായി ചില കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ നൈപുണി പരിശീലനം ലഭിച്ചവർക്ക് വിപുലമായ തോതിൽ ആഗോള തൊഴിലവസരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതി കഴിഞ്ഞ ബജറ്റിൽ  പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള സർക്കാർ സംവിധാനങ്ങൾ ഒരുങ്ങുന്നതിനിടെയാണ് പ്രതിഭാതീരത്തിന്റെ പദ്ധതി. ഇതോടെ ധനമന്ത്രിയുടെ ഒരു പ്രഖ്യാപനം കൂടി നടപ്പാകുകയാണ്‌. പ്രതിഭാതീരം ഫൗണ്ടേഷന്റെ നൈപുണി പരിശീലന- തൊഴിൽ അവസര പദ്ധതിയെ സർക്കാർ പദ്ധതിയുമായി ഏകോപിപ്പിക്കാൻ ഭാവിയിൽ  നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
  വി–കൺസോൾ എന്ന വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയറിലൂടെ ശ്രദ്ധേയനായ ജോയ് സെബാസ്‌റ്റ്യനാണ് പ്രതിഭാതീരം ഫൗണ്ടേഷൻ ചെയർമാൻ. ആലപ്പുഴ തീരപ്രദേശത്ത് 12 സായാഹ്ന പഠനവീടുകൾ കുട്ടികള്‍ക്കായി നടത്തുന്ന പ്രതിഭാതീരം വൈവിധ്യവൽക്കരിക്കുന്നതിനായി രൂപീകരിച്ചതാണ്‌ ഫൗണ്ടേഷൻ. പ്രഥമപദ്ധതിയിൽ 2023ഓടെ 1000 പേർക്ക്‌ ജോലിയും 250 സ്‌റ്റാർട്ടപ്പുകളുമാണ്‌ ലക്ഷ്യമെന്ന് ജോയ് സെബാസ്‌റ്റ്യൻ പറഞ്ഞു. പരിശീലനത്തിന്‌  യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. മത്സ്യത്തൊഴിലാളികൾ, പട്ടികജാതി–വർഗക്കാർ, പരമദരിദ്രർ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകും. സെക്രട്ടറി ആർ പ്രവീൺ, പി കെ പ്രകാശ്‌ബാബു, പി ജി പ്രിൻസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top