07 July Tuesday

ചെങ്ങന്നൂർ ഇരട്ടക്കൊലപാതകം നടന്നത്‌ പകൽ 2.30നും 4നും ഇടയിൽ

ബി സുദീപ്‌Updated: Wednesday Nov 13, 2019

ഇരട്ട കൊലപാതകം നടന്ന വെണ്മണി കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ വീടിനുമുന്നിൽ തടിച്ചുകൂടിയവർ

ചെങ്ങന്നൂർ > വെണ്മണിയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്‌ തിങ്കളാഴ്‌ച പകൽ 2.30നും നാലിനുമിടയിലുള്ള സമയത്ത്‌. ഈ സമയം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ചൊവ്വാഴ്‌ച ചെറിയാനും സുഹ‌ൃത്തുക്കളായ 15 പേരും അടങ്ങുന്ന സംഘം ആലപ്പുഴയിലേക്ക് വിനോദയാത്രപോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇത് സംബന്ധിച്ച് വിവരം അറിയാൻ സുഹ‌ൃത്ത് ജേക്കബ് ചാക്കോ തിങ്കളാഴ്‌ച വൈകിട്ട് നാലുമുതൽ ഫോണിൽ നിരന്തരം വിളിച്ചെങ്കിലും ബെൽ അടിച്ചതല്ലാതെ പ്രതികരണം ഉണ്ടായില്ല.
 
വൈകിട്ട് അഞ്ചിന് വീടിന്റെ സിറ്റൗട്ടിൽ പാൽക്കാരൻ കുപ്പിയിൽ പാൽ കൊണ്ടുവച്ചിരുന്നെങ്കിലും ഇതും ഇവർ എടുത്തതായി കണ്ടില്ല. ഇതിനാൽ പകൽ 2.30നും വൈകിട്ട്‌ നാലിനുമിടയ്‌ക്കാണ് സംഭവമുണ്ടായതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. തലേദിവസത്തെ മഴ ശാസ്‌ത്രീയ തെളിവെടുപ്പുകൾക്ക്‌ പ്രതിബന്ധമാകുമോയെന്ന്‌ ആശങ്ക സ‌ൃഷ്‌ടിച്ചു. ആലപ്പുഴയിൽനിന്നെത്തിയ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. സച്ചിൻ എന്ന പൊലീസ് നായ മൃതദേഹങ്ങളുടെ അടുത്തുനിന്ന്‌ പാറച്ചന്ത  ഉളിയന്തറ റോഡിൽ മലയിൽപ്പടി ഭാഗത്തേക്ക് രണ്ട്‌ കിലോമീറ്ററോളം ഓടി വിജനമായ സ്ഥലത്ത്‌ നിന്നു. വിരലടയാള വിദഗ്‌ധരായ ജി അജിത്ത്, ബ്യൂറോ ഇൻസ്‌പെക്‌ടർ കെ അജയൻ, ശാസ്‌ത്രീയ പരിശോധനാ വിദഗ്‌ധ വി ചിത്ര എന്നിവരും എത്തിയിരുന്നു.

ആസൂത്രിതം

വെൺമണി കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാന്റെയും ഭാര്യ ലില്ലി ചെറിയാന്റെയും കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന്‌ പൊലീസ്‌. ശനിയാഴ്‌ച ഇവരുടെ വീട്ടിൽ ജോലിക്ക്‌ എത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തൊട്ടടുത്തദിവസം കൊലപാതകികളെന്ന് പൊലീസ് സംശയിക്കുന്ന ലബലു, ജൂവൽ എന്നിവരെ ജോലിയ്‌ക്കായി അയക്കുകയായിരുന്നു. ഇവർ വീടും പരിസരവും കൃത്യമായി മനസിലാക്കി. ഇവരെ അയച്ചവരെ പൊലീസ്‌ ചോദ്യംചെയ്‌തുവരികയാണ്. മോഷണമാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
ലില്ലിയുടെ കഴുത്തിൽ നിന്ന് രണ്ട് സ്വർണമാല നഷ്‌ടമായതായി ബന്ധുക്കൾ സ്ഥരീകരിച്ചു. എന്നാൽ  വീട്ടിലെ അലമാരയും മറ്റും അലങ്കോലപ്പെട്ട് കിടക്കുകയാണ്. ഇതിൽ സൂക്ഷിച്ചിരുന്ന പണത്തെപറ്റിയോ സ്വർണത്തെ പറ്റിയോ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വിദേശത്തുനിന്നും മക്കൾ എത്തിയെങ്കിൽ മാത്രമെ കൃത്യമായ വിവരം ലഭിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

അയൽവാസിയുടെ മൊഴി തുമ്പായി

കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ ജോലിക്കുനിന്നത് ബംഗ്ലാദേശ് സ്വദേശികളാണെന്ന അയൽവാസികളുടെ മൊഴി പൊലീസിന് തുണയായി. ഉടൻ പ്രതികളുടെ സുഹ‌ൃത്തുക്കളായ ഇതരസംസ്ഥാന തൊഴിലാളികളെ ഇവർ താമസിക്കുന്ന മങ്ങാട്ടുകുഴിയിലെത്തി കസ്‌റ്റഡിയിലെടുത്തു. പ്രതികളായ ലബലുവും ജുബലും രക്ഷപ്പെട്ടിരുന്നു. ചോദ്യംചെയ്യലിൽ സുഹ‌ൃത്തുക്കളുടെ ഫോണിൽനിന്നും ഇവരുടെ ചിത്രങ്ങൾ ലഭിച്ചു. തിങ്കളാഴ്‌ച രാത്രി ഒമ്പതിന്‌ തങ്ങൾ ചെന്നൈയിലേക്ക് പോകുകയാണെന്ന്‌ ലബലുവും ജുബലും സുഹ‌ൃത്തുക്കളെ അറിയിച്ചിരുന്നു. പൊലീസ്‌ ഇവരുടെ ചിത്രങ്ങൾ ലുക്ക് ഔട്ട് നോട്ടീസാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക്‌ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അന്വേഷണത്തിന്‌ പ്രത്യേകസംഘം

വെൺമണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്‌ പ്രത്യേക സംഘം അന്വേഷിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി കെ എം ടോമി അറിയിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്‌പി അനീഷ്‌ വി കോരയാണ്‌ സംഘത്തലവൻ. സി ഐ സുധിലാലിന്റെ നേതൃത്വത്തിൽ 12 പൊലീസുകാരും സംഘത്തിലുണ്ട്‌.അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്‌. വൈകാതെ ഇവരെ പിടികൂടാനാകുമെന്നും പൊലീസ്‌ മേധാവി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top