03 December Friday
സംസ്ഥാന കായികദിനം ഇന്ന്

കായികക്ഷമത നേടാൻ സ്‌മാർട്ട്‌ ട്രാക്ക്‌

കെ എസ്‌ ലാലിച്ചൻUpdated: Wednesday Oct 13, 2021

കലവൂർ ഗവ. എച്ച്എസ്എസിലെ വിദ്യാർഥികൾ വീടുകളിൽ വ്യായാമ പരിശീലനത്തിൽ

മാരാരിക്കുളം
കോവിഡ്‌ പ്രതിസന്ധിയിലും കുട്ടികളുടെ ശാരീരികക്ഷമതവർധിപ്പിക്കാനും നിലനിർത്താനും കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പരിശ്രമം സംസ്ഥാന കായികദിനത്തിലെ  മികച്ച സന്ദേശമാണ്‌.  ‘സ്‌മാർട്ട് ട്രാക്ക്’ സ്‌കൂളിലെ ആയിരത്തോളം കുട്ടികളാണ്‌ വീടുകളിൽ വ്യായാമ പരിശീലനത്തിൽ. കായികാധ്യാപിക ഉഷയും മാസ്‌റ്റർ ട്രെയിനർമാരായ 24 വിദ്യാർഥികളും ഓൺലൈനിലാണ്‌ വ്യായാമമുറകളും നിർദേശിക്കുന്നത്‌. ആറ്‌ മാസമായി തുടരുന്ന പരിശീലനം ഇപ്പോൾ കുടുംബ ശാരീരിക ക്ഷമതാ പരിപാടിയായി മാറുകയാണ്.  
  ലോക്ക്‌ഡൗണിന്‌ മുമ്പ്‌ ഏഴാം ക്ലാസ് ഡി ഡിവിഷനിൽ സ്‌മാർട്ട്‌ ട്രാക്ക്‌  തുടങ്ങിയിരുന്നു. കോവിഡിൽ നിർത്തിയ പരിശീലനം ഈ അധ്യയനവർഷം ജൂണിൽ എട്ടാം ക്ലാസ് ഡി ഡിവിഷനിൽ പുനരാരംഭിച്ചു. മാസ്‌റ്റർ ട്രെയിനർമാരായി 24 വിദ്യാർഥികളുണ്ട്‌. 
 അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾ രാവിലെ ആറുമുതൽ ഏഴുവരെ ഓൺലൈനായി വ്യായാമമുറകൾചെയ്യുന്നു. ക്ലാസ് ചുമതലയുള്ള അധ്യാപകരും   പിടിഎയിലെ രണ്ട് അമ്മമാരും ഓൺലൈനായി ഇത് നിരീക്ഷിക്കുന്നു. തെറ്റിക്കുന്നവരെ കണ്ടെത്തി തിരുത്തിക്കാൻ പി ഉഷയും ഉണ്ടാകും. മുതിർന്നവരും പങ്കാളികളാണ്‌. 
പരിശീലനം നേടുന്ന കുട്ടികൾക്ക് മറ്റ് കായികയിനങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിനും സൗകര്യം ഒരുക്കും. 
സ്‌കൂളിൽ ഹോക്കി, വനിതാ ഫുട്ബോൾ ടീമുകളുണ്ട്‌. സ്വർണമെഡൽ നേടിയ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളും സ്‌കൂളിന്‌ സ്വന്തം. ഹോക്കിയിൽ കേരള സർവകലാശാല താരമായിരുന്ന കായികാധ്യാപിക പി ഉഷ.
  കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി വി രാജയുടെ ജന്മദിനമായ ഒക്‌ടോബര്‍ 13ആണ്‌ സര്‍ക്കാര്‍ സംസ്ഥാന കായികദിനമായി ആചരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top