24 July Saturday
കൂട്ടത്തോടെ പുറത്തിറങ്ങി ജനം

ഇളവ്‌ മുതലാക്കിക്കളഞ്ഞു !

സ്വന്തം ലേഖകന്‍Updated: Saturday Jun 12, 2021

വെള്ളിയാഴ്ച പകൽ മുല്ലയ്ക്കൽ തെരുവിലുണ്ടായ ഗതാഗതക്കുരുക്ക്

ആലപ്പുഴ
ആകെ ലഭിച്ച ഇളവ്‌ ദിനം ‘ശരിക്കും മുതലാക്കി ’ആലപ്പുഴക്കാർ. കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങിയതോടെ മുല്ലയ്‌ക്കൽ തെരുവടക്കം പലയിടത്തും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. 
ജനറൽ ആശുപത്രി, പിച്യൂ അയ്യർ, ഇരുമ്പുപാലം, കളർകോട്, കൊമ്മാടി, കൈചൂണ്ടി തുടങ്ങിയ ജങ്ഷനുകളിലെല്ലാം വാഹനങ്ങൾ കുരുങ്ങി.  കടകളിലേയ്‌ക്ക്‌ ആളുകൾ കൂടുതലായി എത്തിയതോടെ നിയന്ത്രണങ്ങൾ പാലിക്കാൻ വ്യാപാരികളും ഏറെ പാടുപെട്ടു. 
   തുണിക്കടകൾ, ചെരുപ്പ്, കണ്ണട, ജ്വല്ലറി, പുസ്‌തകക്കട, മൊബൈൽ ഫോൺ വിൽപ്പന, സർവീസ് സെന്ററുകൾ തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളും വെള്ളിയാഴ്‌ച തുറന്നിരുന്നു.  സത്യവാങ്മൂലം പരിശോധിച്ചായിരുന്നു വാഹന ഗതാഗതം.  
അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. പച്ചക്കറി, മത്സ്യം, പഴം, പലചരക്ക് അടക്കമുള്ള കടകൾക്ക് രാത്രി ഏഴുവരെ സമയം നീട്ടിയതും തിരക്കിന് കാരണമായി. 
ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകളും കെഎസ്ആർടിസി ദീർഘദൂര സർവിസുകളും നടത്തി. സൂപ്പർമാർക്കറ്റ് അടക്കമുള്ള വലിയസ്ഥാപനങ്ങളിൽ പ്ലാസ്‌റ്റിക് കൈയുറയും സാനിറ്റൈസറും നൽകിയും പേരുവിവരങ്ങൾ ബുക്കിൽ രേഖപെടുത്തിയുമാണ് ഉപഭോക്താക്കളെ കടത്തിവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയ കാഴ്‌ചകളും വെള്ളിയാഴ്‌ചയുണ്ടായി.  
കൂടുതൽ പൊലീസിനെയും  വിന്യസിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്  85 കേസ് രജിസ്‌റ്റര്‍ ചെയ്‌തു ശനിയും ഞായറും സമ്പൂർണ ലോക്ഡൗണാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top