25 July Sunday

ഭാര്യ മരിച്ചെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹത്തട്ടിപ്പ്‌ നടത്തിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

പിടിയിലായ മനീഷ്

മാവേലിക്കര

ആദ്യ ഭാര്യ മരിച്ചെന്ന്‌ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് 30 പവൻ സ്വർണവും 28 ലക്ഷം രൂപയും തട്ടിയെടുത്ത കോട്ടയം സ്വദേശിയെ ചെട്ടികുളങ്ങര പൊലീസ്‌ പിടികൂടി. കോട്ടയം ചെങ്ങളം ഈസ്‌റ്റ്‌ കാഞ്ഞിരമറ്റം കിഴക്കേമുറിയിൽ കെ കെ മനീഷ് (36) ആണ് പിടിയിലായത്. കോട്ടയത്തെ വീട്ടിൽനിന്ന്‌ പിടിയിലാകുന്ന സമയം ആദ്യ ഭാര്യയും മനീഷിനൊപ്പം ഉണ്ടായിരുന്നു. ബഹ്‌റൈനിൽ ജോലിചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ലാ പൊലീസ്‌ മേധാവി എസ് ജയദേവിന് നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെ രണ്ടാം വിവാഹമായിരുന്നു മനീഷുമായിട്ടുള്ളത്‌.  മനീഷിന്റെ ആദ്യഭാര്യയെയും പ്രതിചേർത്തിട്ടുണ്ട്. വിവാഹ പരസ്യം കണ്ടാണ്‌ ചെട്ടികുളങ്ങര സ്വദേശിനിയുടെ മാതാപിതാക്കൾ മനീഷുമായയി ബന്ധപ്പെട്ടത്‌. താൻ എൻജിനീയറിങ് ബിരുദധാരിയാണെന്നും ഓട്ടോമൊബൈൽ ബിസിനസ് നടത്തി വരികയാണെന്നും മനീഷ് യുവതിയുടെ വീട്ടുകാരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. 2020 ഒക്‌ടോബർ 27ന് കായംകുളത്തിന് സമീപമുള്ള ക്ഷേത്രത്തിൽ വച്ച്‌ ഇരുവരും വിവാഹിതരായി. സ്വന്തം വീടെന്ന്‌ പറഞ്ഞ് വിശ്വസിപ്പിച്ച് തലയോലപ്പറമ്പിലെ ഒരു വീട്ടിൽ മനീഷ് യുവതിയുമായി ഒരുമാസം താമസിച്ചു. തുടർന്ന്‌ മനീഷിനേയും കൂട്ടി ബഹ്‌റൈനിലേയ്‌ക്ക്‌ പോയ യുവതി ഇയാൾക്ക്‌ അവിടെ ജോലിയും തരപ്പെടുത്തിയിരുന്നു. എന്നാൽ ഇന്റർവ്യൂവിന് പോകാതെ ഒഴിഞ്ഞുമാറിയ മനീഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ്  തട്ടിപ്പ് പുറത്തായത്‌. ഇയാളെ നാട്ടിലേക്ക്‌ തിരിച്ചയച്ചശേഷം യുവതി ആലപ്പുഴ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. സിഐ ജി പ്രൈജു, എസ്‌ഐ എസ് മിനുമോൾ, എസ്സിപിഒമാരായ എൻ സുധി, എസ് ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ  
പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top