30 September Wednesday
കെഎസ്‌ഡിപിക്ക്‌ സർക്കാർ അനുമതി നൽകി

മരുന്ന്‌ എത്തിക്കാൻ എസി വാഹനം

എം കെ പത്മകുമാർUpdated: Wednesday Dec 11, 2019

ശീതീകരിച്ച കവചിത വാഹനത്തിന്റെ മാതൃക

 ആലപ്പുഴ

മരുന്നുകൾ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ സുരക്ഷിതമായി കൊണ്ടുപോകാൻ ശീതികരിച്ച കവചിത വാഹനം വാങ്ങാൻ കെഎസ്‌ഡിപിക്ക്‌ സർക്കാർ ഭരണാനുമതി. ഇതിനായി 30 ലക്ഷം രൂപയും അനുവദിച്ചു. ചേസിസ്‌ വാങ്ങിയശേഷം റഫ്രിജറേറ്റഡ്‌ കണ്ടെയ്‌നർ വെഹിക്കിളിനായുള്ള ബാക്കി സംവിധാനങ്ങൾ പ്രാദേശികമായി ഒരുക്കാനാണ്‌ തീരുമാനം. 17 അടി നീളവും നാല്‌ അടി വീതിയും വാഹനത്തിനുണ്ടാകും. എട്ടു ടണ്ണാണ്‌ ഭാരശേഷി. 
കുത്തിവെപ്പു മരുന്നുകളും ആന്റിബയോട്ടിക്കുകളും കൊണ്ടുപോകാനാണ്‌ വാഹനം ഉപയോഗിക്കുക. പ്രധാനമായും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ്‌ ഇവ  കൊണ്ടുപോകേണ്ടത്‌. 
നിലവിൽ കെഎസ്‌ഡിപിയുടെ സ്വന്തം വാഹനത്തിലും സ്വകാര്യ പാഴ്സൽ സർവീസുകൾ വഴിയുമാണ്‌ മരുന്നു കൊണ്ടുപോകുന്നത്‌. കെഎസ്‌ഡിപിയുടെ വാഹനത്തിന്‌ കേരളത്തിലങ്ങോളമിങ്ങോളം മരുന്നു എത്തിക്കേണ്ടതിനാൽ മറ്റ്‌ സംസ്ഥാനങ്ങളിലെ സർവീസിന്‌ ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല. പാഴ്സൽ സർവീസുകളിലാകട്ടെ  സുരക്ഷ പ്രധാന പ്രശ്നവുമാണ്‌. 
ശീതികരിക്കാത്ത വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനാൽ  കേടാകാനുള്ള സാധ്യതയും കൂടുതലാണ്‌. ഒപ്പം, അതീവ ശ്രദ്ധയും കരുതലും വേണ്ട ഇവ അലക്ഷ്യമായി കൈാര്യം ചെയ്യുന്നു എന്ന പരാതി പലവട്ടം ഉയരുകയും ചെയ്‌തു. പാഴ്സൽ സർവീസുകൾ വഴി അയക്കുന്നതിന്‌ ചെലവും കൂടുതൽ. ഈ സാഹചര്യത്തിലാണ്‌ സ്വന്തമായി വാഹനം വാങ്ങാൻ സർക്കാരിന്‌ അപേക്ഷ നൽകിയതെന്ന്‌ കെഎസ്‌ഡിപി ചെർമാൻ സി ബി ചന്ദ്രബാബുവും എംഡി  എസ്‌ ശ്യാമളയും അറിയിച്ചു. 
 ഇടനിലക്കാരെയും കമീഷനും ഒഴിവാക്കി സർക്കാരിന്റെ ഇ ടെൻഡർ ഏജൻസിയായ ജെമ്മിൽ (ഗവ. ഇ മാർക്കറ്റ്‌ പ്ലെയ്‌സ്‌) വഴിയാണ്‌ വാഹനം വാങ്ങുക. ഇതിനായി രജിസ്‌റ്റർ ചെയ്‌ത്‌ രേഖകൾ സമർപ്പിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ ചേസിസ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. പരിപാലന ചെലവ്‌ കുറവും, ഇന്ധനക്ഷമത കൂടുതലുമുള്ള വാഹനമാണ്‌ പരിഗണിക്കുന്നത്‌. 
 എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം വൻകുതിപ്പിലാണ്‌ വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഡിപി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ അഴിമതിയും കെടുകാര്യസ്ഥതയും മൂലം വൻ നഷ്ടത്തിലായിരുന്നു. സർക്കാർ വന്നതിനു പിന്നാലെ 2016–-17 സാമ്പത്തിക വർഷം  നഷ്‌ടം 4.27 കോടിയായി കുറച്ചു. 2018–-19ൽ  58.37 കോടിയുടെ റെക്കോഡ്‌ വിറ്റുവരവിലൂടെ 2.12 കോടിയുടെ ലാഭവും നേടി. അർബുദ ചികിത്സാ മരുന്നു നിർമാണത്തിനൊരുങ്ങുകയാണ്‌ കെഎസ്‌ഡിപി. ഒപ്പം വിദേശ വിപണിയിലേക്കു മരുന്നു കയറ്റി അയക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top