30 May Saturday

മനസുതുറന്ന‌് അമ്പലപ്പുഴയും

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

 ആലപ്പുഴ

എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന് അമ്പലപ്പുഴ മണ്ഡലത്തിൽ ഉജ്വല വരവേൽപ്. വാദ്യമേളങ്ങളും മുത്തുക്കുടകളും ഒരുക്കി സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ സ്ഥാനാർഥിയെ വരവേറ്റു. സ‌്റ്റേഡിയം മേഖലയിലെ മഠത്തിൽപറമ്പിലെ ആദ്യസ്വീകരണ കേന്ദ്രത്തിലേക്ക് ആരിഫ് വന്നിറങ്ങുമ്പോഴേക്കും ഹാൾ തിങ്ങിനിറഞ്ഞിരുന്നു. മുദ്രാവാക്യങ്ങൾക്കിടയിലേക്ക് വന്നിറങ്ങിയ ആരിഫിനെ പൂക്കൾ നൽകിയും ഷാളുകളണിയിച്ചും സ‌്ത്രീകളുൾപ്പെടെയുള്ളവർ വരവേറ്റു.
"കേരളത്തിന്റെ മതേതര മനസിന്റെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്, ആ മനസ് കാത്തുസൂക്ഷിക്കാൻ എനിക്ക് വോട്ടു ചെയ്യണം’ ആരിഫിന്റെ അഭ്യർഥന. പിന്നാലെ ചുരുക്കം വാക്കുകളിൽ എൽഡിഎഫ് ജയിക്കേണ്ടതിന്റെ അനിവാര്യത വിവരിച്ച്, സ്വീകരണത്തിന് നന്ദി പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക്. 
താഴത്തിൽപറമ്പും വിളഞ്ഞൂരും തലയിരുപ്പും പിന്നിട്ട് ട്രാഫിക് സ‌്റ്റേഷനു സമീപമെത്തുമ്പോഴേക്കും വെയിൽ ചാഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിലെ തിരക്കുകൂടി. വെറ്റക്കാരൻ ജങ്ഷനു സമീപം സ്ഥാനാർഥിയെത്തുമ്പോൾ വേദിയിൽ മിമിക്രിതാരം സാബുജോസ് പാടുന്നു. വീർപ്പുമുട്ടിക്കുന്ന സ‌്നേഹ പ്രകടനങ്ങൾക്കിടയിലൂടെ വേദിയിലെത്താൻ നന്നേ പാടുപെട്ടു. ആരിഫിന് വോട്ടുതേടി ചാക്യാർകൂത്ത് അവതരിപ്പിച്ചിരുന്ന സുനിൽ ഞാറക്കലും കൈകാലുകൾ ഉപയോഗിച്ച് ഒരേ സമയം ചെണ്ടയും വലന്തലയും കൊട്ടി ഇലത്താളത്തിൽ താളവും പിടിക്കുന്ന ചന്ദ്രബോസും തിരക്കിട്ട് അടുത്ത കേന്ദ്രത്തിലേക്ക്. 
മുണ്ടത്തിപ്പറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള വഴി നീളെ മുത്തുക്കുടകൾ, സ്ഥാനാർഥിയെ തുറന്ന വാഹനത്തിൽ നിന്ന് വരവേൽക്കാൻ പൂത്താലങ്ങളുമായി സ‌്ത്രീകളുടെ നീണ്ടനിര. പുഷ‌്പവൃഷ്ടിക്കിടയിലൂടെ വേദിയിലെത്തിയ ഉടൻ ആരിഫിന്റെ കമന്റ് പൂക്കളിൽ ഉറുമ്പുണ്ടെങ്കിൽ കുടുങ്ങി, സദസിലാകെ ചിരിപടർന്നു. നന്ദി പ്രസംഗത്തിനുശേഷം പുന്നപ്രയിലേക്ക്. വൈകുന്നേരം  ആരിഫിനൊപ്പം മന്ത്രി ജി സുധാകരനും ഉണ്ടായിരുന്നു. എസ‌്എംസി- സ്വീകരണ കേന്ദ്രത്തിൽ - എംബിബിഎസിന് പ്രവേശനം നേടിയ ശബരീനാഥിനേയും മുതിർന്ന എൽഡിഎഫ് പ്രവർത്തകരേയും ആരിഫ് ആദരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, അജയ് സുധീന്ദ്രൻ, പി ജ്യോതിസ്, എ ഓമനക്കുട്ടൻ, ഇ കെ ജയൻ, ലിജിൻകുമാർ, എം വി ഹൽത്താഫ്, എം സുനിൽകുമാർ, പി പി പവനൻ, ജുനൈദ്, അഡ്വ. ഷീബ, എ പി ഗുരുലാൽ, മുജീബ് റഹ്മാൻ, കവിത, എസ് രമേശൻ എന്നിവർ സംസാരിച്ചു.

നിലത്തെഴുത്താശാൻമാരുടെ പിന്തുണ എൽഡിഎഫിന‌്

ഹരിപ്പാട്
ആലപ്പുഴ ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ കേരള നിലത്തെഴുത്താശാൻ സംഘടന ഹരിപ്പാട് ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. 
നിലത്തെഴുത്താശാന്മാർക്ക് 1000 രൂപ ഗ്രാന്റനുവദിക്കുകയും പെൻഷൻ 1200 രൂപയായി വർധിപ്പിക്കുകയും നിലത്തെഴുത്തു കളരികളിലെ പഠിതാക്കൾക്ക് സൗജന്യ പോഷകാഹാരം നൽകാനും തീരുമാനിച്ച എൽഡിഎഫ് സർക്കാരിനെ പിന്തുണക്കണം. 
 ദേവകി ആശാട്ടി അധ്യക്ഷനായി. സെക്രട്ടറി പി പുഷ‌്പലത റിപ്പോർട്ട് അവതരിപ്പിച്ചു. രാധാമണി, അംബുജാക്ഷി, രമാദേവി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top