ആലപ്പുഴ
ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തനപദ്ധതി ആവിഷ്‌കരിക്കാൻ പി കൃഷ്ണപിള്ള സ്‌മാരക മന്ദിരത്തിൽ ചേർന്ന സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റി തീരുമാനിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം വി ജി മോഹനൻ അധ്യക്ഷനായി.
സാങ്കേതിക സമിതി കൺവീനർ കെ എസ് രാജേഷ് പദ്ധതി വിശദീകരിച്ചു. ട്രഷറർ അഡ്വ. എം സന്തോഷ് കുമാർ, കർഷകസംഘം ദേശീയ സമിതിയംഗം വത്സല മോഹൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ എന്നിവർ സംസാരിച്ചു.
സിപിഐ എം നേതൃത്വത്തിലുള്ള ജില്ലയിലെ സഹകരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായി പച്ചക്കറി കൃഷിക്കായി പദ്ധതി രൂപീകരിക്കും. പരമ്പരാഗത കർഷകർക്കുപുറമെ പുതുതലമുറ കർഷകരെയും ചേർത്ത് കർഷക ഗ്രൂപ്പുകൾക്ക് രൂപംനൽകി വായ്പ ലഭ്യമാക്കും. ആഗസ്ത് 25 മുതൽ 28 വരെ ലോക്കൽതലം വരെ വിപണി ഒരുക്കും. സഹകരണ സ്ഥാപനങ്ങളും വിപണന കേന്ദ്രം തുറക്കും.
15 മുതൽ 20നുള്ളിൽ ഏരിയാ ലോക്കൽ തലങ്ങളിൽ സംഘാടക സമിതി രൂപീകരിച്ച് നടീൽ ഉത്സവം നടത്തും. തരിശുഭൂമികളടക്കം കണ്ടെത്തി സംയോജിത കൃഷിത്തോട്ടമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..