സ്വന്തം ലേഖകൻ
വണ്ടാനം
പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൈനകരി കുട്ടമംഗലം കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ (22) യും നവജാതശിശുവുമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. അപർണയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ചികിത്സാരേഖകളും ശേഖരിച്ചു. ബന്ധുക്കളിൽനിന്ന് വെള്ളിയാഴ്ച മൊഴിയെടുക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
അപർണയെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സീനിയര്‍ ഡോക്ടമാരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. തങ്കുകോശി സംഭവദിവസം ഒപി ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയിരുന്നു. അസി. പ്രൊഫസര്‍മാരായ ഡോ. ബിന്ദു നമ്പീശനും ഡോ. മീരാലക്ഷ്മിക്കുമായിരുന്നു ചുമതല. ഡോ. തങ്കുകോശി പോകുന്നതിന് മുമ്പും യുവതിയെ പരിശോധിച്ചിരുന്നു.
അപർണയ്ക്ക് ശസ്ത്രക്രിയ വേണമെന്നറിഞ്ഞ് ഡോ. തങ്കുകോശി ആശുപത്രിയിലെത്തിയതായും അന്വേഷകസംഘം കണ്ടെത്തിയതായാണ് വിവരം. ശസ്ത്രക്രിയയ്ക്കിടെ അപൂർവമായി ബാധിക്കുന്ന പെരിപാർട്ടം കാർഡിയോ മയോപ്പതി എന്ന അസുഖം യുവതിയെ ബാധിച്ചതായി സംശയമുണ്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വന്നാലേ ഇതിന് സ്ഥിരീകരണമാകൂ. ഈ റിപ്പോർട്ട് ലഭിക്കാൻ പൊലീസ് കത്തുനൽകും.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് എ അബ്ദുല്‍ സലാമിന്റെ നിര്‍ദേശപ്രകാരം ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..