19 November Tuesday

നേരിട്ടെത്തി, ചോദിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

കൊല്ലം‐ എറണാകുളം മെമുവിൽ യാത്രക്കാരുടെ ദുരിതം ചോദിച്ചറിയുന്ന എ എം ആരിഫ്‌ എംപി

 ആലപ്പുഴ

കൊല്ലം–- എറണാകുളം മെമു സർവീസ് സംബന്ധിച്ച് യാത്രക്കാരുടെ പരാതികൾ നേരിൽ ചോദിച്ചറിഞ്ഞ് എ എം ആരിഫ് എംപി. രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന്‌ ആരംഭിച്ച സർവീസിലാണ് എംപിയും പതിവുയാത്രികരുടെ സഹയാത്രികനായത്‌. ഫ്രണ്ട്സ് ഓൺ റെയിൽ സംഘടന എംപിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മാരാരിക്കുളം കഴിഞ്ഞപ്പോൾ ട്രെയിനിൽ തിരക്കേറിയതോടെ സീറ്റ് യാത്രക്കാർക്ക് നൽകി എംപി പരാതികൾ കേൾക്കാനിറങ്ങി.  
 ‘‘ഞങ്ങൾക്ക് 16 ബോ​ഗികൾ വേണം സാറെ’’– -എറണാകുളം അവന്യൂ റീജെന്റിലെ ജോലിക്കാരിയും ട്രെയിനിലെ സ്ഥിരം യാത്രക്കാരിയുമായ തിലകയുടെ പരാതി. നിൽക്കാൻകൂടി സ്ഥലം തികയുന്നില്ലെന്ന്‌ അവർ പറഞ്ഞു. ട്രെയിനിൽ വനിതകൾക്കായി പ്രത്യേകം ശൗചാലയം വേണം. അനാവശ്യമായി വണ്ടി പിടിച്ചിട്ട് വൈകിക്കുന്നത് ഒഴിവാക്കണം.  ​പാതയിരട്ടിപ്പിക്കൽ വേ​ഗത്തിലാക്കണം എന്നിങ്ങനെ ബോ​ഗികൾ കടക്കുംതോറും പരാതികൾ ഏറിവന്നു. 
 എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്നതിന് മുമ്പ് നിലത്ത് പേപ്പർ വിരിച്ചിരുന്ന യാത്രക്കാരൻ ഉൾപ്പെടെയുള്ളവരിൽനിന്ന്‌ പരാതികേട്ടു. 
തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ബോധ്യമായതായി തിരുവന്തപുരം ഡിസിഎം എം ബാലമുരളി പറഞ്ഞു. ചേർത്തലയിൽനിന്നാണ് തിരക്ക് കൂടുക. തുറവൂർ കഴിഞ്ഞാൽ അസഹ്യമായ തിരക്കാകും. എംപി ആവശ്യപ്പെട്ടത് പ്രധാനമായും ബോ​ഗികളുടെ എണ്ണം കൂട്ടണമെന്നാണ്. മെമുവിൽ ബോ​ഗികൾ ചേർക്കുമ്പോൾ കുറഞ്ഞത് നാലെണ്ണം വേണം. എന്നാലിത് പെട്ടെന്ന് തീരുമാനിക്കാനാകില്ല. ഫസ്‌റ്റ്‌ ക്ലാസ് ഒഴിവാക്കി സ്‌ത്രീകൾക്കായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top