28 May Sunday
രാത്രി കലക്ടറേറ്റിൽ ദുരന്ത നിവാരണസമിതി അടിയന്തര യോഗം ചേർന്നു

ശമനമില്ല; കുട്ടനാട്ടിൽ വെള്ളമുയരുന്നു

സ്വന്തം ലേഖകൻUpdated: Friday Aug 5, 2022

രക്ഷാ തീരത്തേക്ക് ബുധനൂർ പഞ്ചായത്തിൽ താഴത്ര, കോളാത്ര മേഖലകളിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു

ആലപ്പുഴ
ജില്ലയിൽ മഴയ്‌ക്കും ദുരിതത്തിനും ശമനമില്ല. കുട്ടനാട്ടിൽ ജലനിരപ്പുയരുകയാണ്‌. തലവടി, മുട്ടാർ, പുളിങ്കുന്ന്‌ പഞ്ചായത്തുകളിലെ താഴ്‌ന്നയിടങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നു. മഴയിലും കാറ്റിലും 21 വീടുകൾ കൂടി തകർന്നു. 17 ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്‌. അഞ്ചിടങ്ങളിൽ അപകടനിലയ്‌ക്ക്‌ മുകളിലാണ്‌ വെള്ളം. പലയിടത്തും കൃഷിനാശവുമുണ്ട്‌.  ജില്ലയിൽ വെള്ളിയാഴ്‌ച മഞ്ഞ അലർട്ടാണ്‌. എ സി റോഡിൽ മിക്കയിടത്തും തിരുവല്ല–- അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഒരിടത്തും വെള്ളം കയറി.
    പുളിങ്കുന്നിന്റെ ചില മേഖലകളിലും വെള്ളപ്പൊക്കമുണ്ട്‌. ജില്ലയിലെ മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്‌. ബുധൻ രാത്രിയും വ്യാഴവും മഴ തുടർന്നു. ശരാശരി 31.8 മി.മീറ്റർ മഴപെയ്‌തെന്നാണ്‌  കണക്ക്‌.  
  നീരേറ്റുപുറം, ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്‌, കാവാലം എന്നിവിടങ്ങളിൽ അപകടനിലയ്‌ക്ക്‌ മുകളിലിൽ വെള്ളം തുടരുകയാണ്‌. പള്ളാത്തുരുത്തിയിൽ മുന്നറിയിപ്പ് നിരപ്പിന്‌ മുകളിലാണ്‌ ജലം.  തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും മുന്നറിയിപ്പ് നിരപ്പിന്‌ താഴെയും. കിഴക്കൻ വെള്ളത്തിന്റെ വരവേറുന്നതിനാൽ തോട്ടപ്പള്ളിയിൽ കൂടുതൽ ഷട്ടറുകൾ തുറന്നു. ഇപ്പോൾ 30 ഷട്ടറുകൾ തുറന്നിട്ടുണ്ട്‌. തണ്ണീർമുക്കത്തെ മുഴുവൻ ഷട്ടറുകളും തുറന്നിരിക്കുകയാണ്‌. എ സി റോഡിൽ കോരവളവിലും ഒന്നാംകരയിലുമാണ്‌ കൂടുതൽ വെള്ളം. തിരുവല്ല–- അമ്പലപ്പുഴ പാതയിൽ നെടുമ്പ്രത്താണ്‌ വെള്ളക്കെട്ട്‌. ഗതാഗതം തടസപ്പെട്ടിട്ടില്ല. 
17 ക്യാമ്പുകളിൽ 
102 കുടുംബം 
ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലായാണ് 17 ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌. 102 കുടുംബങ്ങളിലെ 338 പേരാണ്‌ ക്യാമ്പുകളിൽ കഴിയുന്നത്. വിവിധ താലൂക്കുകളിലായി ഒരു വീട്‌ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു‌.  അമ്പലപ്പുഴ താലൂക്കിൽ ഒരുവീട്‌ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നു. ചേർത്തലയിൽ ആറും കുട്ടനാട് മൂന്നും കാർത്തികപ്പള്ളിയിൽ രണ്ടും മാവേലിക്കരയിലും ചെങ്ങന്നൂരും ഓരോ വീടുകളുമാണ് ഭാഗികമായി നശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top