24 September Friday
ഇന്ധനവിലയിൽ പ്രതിഷേധം

ഹിറ്റാണ് കാൽനടയാത്ര

വി ജി ഹരിശങ്കർUpdated: Thursday Aug 5, 2021

അൻസിലും ഷാഹുൽ ഹമീദും തുറവൂരെത്തിയപ്പോൾ

അരൂർ
"പെട്രോൾ വില നാൾക്കുനാൾ കൂടിയപ്പോൾ ഉണ്ടായിരുന്ന ബൈക്ക് വിറ്റു." ചങ്ങാതി ഷാഹുൽ ഹമീദിനെയും കൂട്ടിയുള്ള അൻസിൽ അസീസിന്റെ  കാൽനടയാത്ര ദിനംപ്രതിയുള്ള ഇന്ധന വിലവർധനയ്‌ക്കെതിരെയാണ്. ഇവരുടെ യാത്ര നാട്ടുവഴികളിലൂടെയല്ല. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾ നടക്കുന്നത് കന്യാകുമാരിക്കാണ്. ബക്രീദ് ദിനത്തിൽ രാവിലെ ഒമ്പതിന് തിരിച്ച യാത്ര ആലപ്പുഴ തുറവൂരിലെത്തുമ്പോൾ 15 ദിവസംപിന്നിട്ടു. 220 കിലോമീറ്റർ.
കോഴിക്കോട് വെസ്‌റ്റ്‌ കൈതപ്പോയിൽ പുഴങ്കുന്നുമൽ വീട്ടിൽ അസീസിന്റെയും റസീനയുടെയും മകനാണ് 20കാരനായ അൻസിൽ. പ്ലസ്ടു പഠനം പൂർത്തിയായശേഷം നാട്ടിലെ ബേക്കറിയിൽ ജോലിചെയ്‌തു.  കുന്നമംഗലം തറയിൽ സലാവുദ്ദീൻ–-റംല ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദിന് വയസ് വെറും 18. പ്ലസ്ടു പൂർത്തിയായി. വാട്സ് ആപ് കൂട്ടായ്‌മയിലൂടെയുള്ള സൗഹൃദം പ്രതിഷേധ യാത്രയ്‌ക്ക്‌ വിത്ത് പാകി. 
 280 രൂപയുമായാണ് വീട്ടിൽനിന്ന്‌ ഇറങ്ങിയത്. നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്‌ത്‌ ഷാഹുലിന്റെ വീട്ടിലെത്തി. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോഴിക്കോടുനിന്ന് കന്യാകുമാരിയിലേക്ക്‌ കാൽനടയാത്ര എന്ന പ്ലക്കാർഡും തൂക്കിയാണ് യാത്ര. രാവിലെ ഒമ്പതോടെ തുടങ്ങി അഞ്ചിന് അവസാനിപ്പിക്കും. 
സഞ്ചാര കൂട്ടായ്‌മ അംഗങ്ങളുടെ വീടുകളിലും ക്ലബ്ബുകളിലും രാത്രികഴിച്ചുകൂട്ടും. ഓരോ പ്രദേശത്തെത്തുമ്പോൾ നാട്ടുകാരും ജനപ്രതിനിധികളും അറിഞ്ഞുവന്ന് ഭക്ഷണം പണവും തന്ന് സഹായിക്കും. അരൂരിൽ പൊലീസുകാരുടെ സഹായം മറക്കാനാകില്ലെന്ന് ഇരുവരും പറയുന്നു. കോഴിക്കോട് കൊടുവള്ളിയിൽനിന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട യാത്ര രാമനാട്ടുകര, മലപ്പുറം ചേളാരി, താനൂർ, പൊന്നാനി, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, നെട്ടൂർ വഴിയാണ്  തുറവൂരിലെത്തിയത്. ഇനിയും 270 കിലോമീറ്റർ ദൂരമുണ്ട്. ഇവരുടെ യാത്ര "അൻസിൽ മാസ് ബ്ലോഗ്’ യു ട്യൂബിൽ അപ്‌ലോഡും ചെയ്യുന്നുണ്ട് 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top