13 May Thursday

ജനമനസുകളിൽ കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ചുനടന്ന റോഡ്ഷോയിൽ നിന്ന്

ആലപ്പുഴ 
ആവേശത്തിന്റെ അതിരുകൾ ഭേദിച്ച് തെരഞ്ഞെടുപ്പ് മേളം ജനമനസുകളിൽ കൊട്ടിക്കലാശിച്ചു. ഇതോടെ മുന്നണികളുടെ പരസ്യപ്രചാരണത്തിന്‌ തിരശീല താഴ്‌ന്നു. മുൻ വർഷങ്ങളിലേതുപോലെ കൊട്ടിക്കലാശം നടത്തുന്നതിന് തിരഞ്ഞടുപ്പ് കമീഷന്റെ വിലക്കുണ്ടായിരുന്നെങ്കിലും  ആവേശം ഒട്ടുംചോരാതെയാണ്  പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചത്.
 വോട്ടർമാരെ കാണാൻ സ്ഥാനാർഥികളുടെ ഓട്ടപ്രദക്ഷിണമായിരുന്നു ഞായറാഴ്‌ച. റോഡ്‌ഷോയും ഭവനസന്ദർശനവുമായി അവസാനദിവസവും സ്ഥാനാർഥികൾ കളം നിറഞ്ഞു. ചെങ്ങന്നൂരെ  എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ  തുറന്ന ജീപ്പിലെത്തി വോട്ടർമാരെ കണ്ടു. പകൽ മൂന്നിന് ചെങ്ങന്നൂർ ഐടിഐക്ക് സമീപത്തുനിന്നാരംഭിച്ച റോഡ്‌ഷോ വെള്ളാവൂർ ജങ്ഷനിൽ സമാപിച്ചു.  കായംകുളത്ത്  യു പ്രതിഭ പ്രമുഖരെ വീട്ടിലെത്തി കണ്ടു. ചെറുപ്രകടനങ്ങൾ കായംകുളം കെഎസ്ആർടിസി സ്‌റ്റാൻഡിന് സമീപം സമാപിച്ചു.   അമ്പലപ്പുഴ സ്ഥാനാർഥി എച്ച് സലാമിന്റെ റോഡ്‌ഷോ പകൽ മൂന്നിന് തോട്ടപ്പള്ളിയിൽനിന്ന് തുടങ്ങി ആലിശേരിയിലാണ്  സമാപിച്ചത്. ചേർത്തലയിൽ പി പ്രസാദ് രാവിലെ മാടയ്‌ക്കലിൽനിന്ന് റോഡ്‌ഷോ തുടങ്ങി. വൈകിട്ട് ചേർത്തല സ്വകാര്യ ബസ് സ്‌റ്റാൻഡിന് സമീപം അവസാനിച്ചു. ആലപ്പുഴയിൽ  സ്ഥാനാർഥി പി പി ചിത്തരഞ്‌ജന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് ഏഴ് കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തി.  കുട്ടനാട് തോമസ് കെ തോമസ് പ്രമുഖവ്യക്തികളെ കണ്ടു. കൈനകരിയിൽ ജലഘോഷയാത്രയോടെയാണ്  പ്രചാരണം അവസാനിപ്പിച്ചത്. ഹരിപ്പാട് ആർ സജിലാൽ രാവിലെമുതൽ മണ്ഡലത്തിൽ പര്യടനം നടത്തി  വോട്ടുറപ്പിച്ചു. കച്ചേരിപ്പടിയിൽ സമാപിച്ചു.  മാവേലിക്കരയിൽ എം എസ് അരുൺകുമാർ വീടുകളും കോളനികളും സന്ദർശിച്ചു.  അരൂരിൽ ദെലീമ രാവിലെ പെരുമ്പളം ദ്വീപിൽ റോഡ്‌ഷോ നടത്തി. തുടർന്ന് പാണാവള്ളി ചേമ്പാട് ലക്ഷംവീട്ടിൽ കുടുംബയോഗത്തിൽ പങ്കെടുത്തു. തുറവൂരിൽ വീടുകളിലും കടകളിലുമെത്തി വോട്ടഭ്യർഥിച്ചു. വൈകിട്ട് ചാപ്പക്കടവിൽനിന്നാരംഭിച്ച തീരദേശ പര്യടനം അന്ധകാരനഴിയിൽ സമാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top