അമ്പലപ്പുഴ
ശബരിമല തീർഥാടകർക്ക് അന്നദാനത്തിനായി പതിവുതെറ്റാതെ വാവരുപള്ളി അധികൃതർ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അയ്യപ്പഭക്തസംഘം നടത്തിവരുന്ന അന്നദാന വിതരണത്തിനായാണ് എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത് അംഗങ്ങൾ എത്തിയത്.
മസ്ജിദ് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ, സെക്രട്ടറി നൈസാം, ട്രഷറർ നാസർ പനച്ചി, ജോയിന്റ് സെക്രട്ടറി ഹക്കീം മാടത്താണി, സലിംകണ്ണംകര, റെജി ചക്കാല, അനസ് പ്ലാമൂട്ടിൽ, അബ്ദുൾ കരീം എന്നിവരുൾപ്പെട്ട സംഘമാണ് ശനിയാഴ്ച ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെത്തിയത്.
സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. അമ്പലപ്പുഴ അയ്യപ്പഭക്ത സംഘം പ്രസിഡന്റ് ബി ഗോപകുമാർ, വൈസ് പ്രസിഡന്റ് ജി ശ്രീകുമാർ, സെക്രട്ടറി എൻ മാധവൻകുട്ടി നായർ, എൻ ഗോപാലകൃഷ്ണപിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.
അയ്യപ്പനും വാവരും കാത്തുസൂക്ഷിച്ച ആത്മബന്ധത്തിന്റെ ഓർമ്മ പുതുക്കലായാണ് ക്ഷേത്രത്തിൽ വാവരുപള്ളി പ്രതിനിധികൾ അന്നദാനം നടത്തുന്നത്. പള്ളിയിൽനിന്ന് വാവരു സ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് അമ്പലപ്പുഴ സംഘം എരുമേലി ധർമശാസ്താക്ഷേത്രത്തിലേക്ക് പോകുന്നത്. വാവരു സ്വാമിയുടെ പ്രതിനിധിക്ക് ക്ഷേത്രത്തിലും സ്വീകരണം നൽകും. തുടർന്ന് എരുമേലിയിൽ പേട്ടതുള്ളി അമ്പലപ്പുഴ പേട്ടസംഘം ശബരിമലയിലേക്ക് യാത്ര തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..