03 August Monday
അഞ്ചേക്കറില്‍ സംയോജിത ക‌ൃഷി

ഇതാ സുഭിക്ഷകേരളത്തിന്റെ‌ സിൽക്ക്‌ റൂട്ട്

നന്ദു വിശ്വംഭരൻUpdated: Saturday Aug 1, 2020

സിൽക്ക്‌ വളപ്പിലെ ക‌ൃഷിത്തോട്ടത്തിൽ എസ്‌ രാധാക‌ൃഷ്‌ണനും ശുഭകേശനും ഫോട്ടോ: ഷിബിൻ ചെറുകര

ആലപ്പുഴ
നീളൻ പടവലം, ചീര, സാലഡ്‌ വെള്ളരി, വെണ്ട...കണ്ണെത്താ ദൂരത്തോളം കാഴ്‌ച നീളുകയാണ്. കായ്‌ച്ചും പൂത്തും തളിർത്തും നിൽക്കുകയാണ്‌ ഹരിതഭംഗി. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലാണ് കണ്ണിന് വിരുന്നാകുന്ന വിഷരഹിത ജൈവ പച്ചക്കറികളുടെ കാഴ്‌ച. സ്‌റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്) വളപ്പിലാണ് ക‌ൃഷി.  സർക്കാരിന്റെ ‘സുഭിക്ഷകേരളം’ പദ്ധതിയിൽ കഞ്ഞിക്കുഴി കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് സംയോജിത ക‌ൃഷിക്ക് പിന്നിൽ. 
 അഞ്ചേക്കറിലാണ് ക‌ൃഷി. രണ്ടാം ഘട്ടത്തിൽ പത്തേക്കറിലേക്ക്  വ്യാപിപ്പിക്കും. സാലഡ്‌ വെള്ളരിയും ചീരയും വിളവെടുത്തു. കോഴിക്കാഷ്‌ടം, ചാണകം തുടങ്ങിയവയാണ് വളം. കീടങ്ങളെ തുരത്താൻ പുകയില കഷായം ഉൾപ്പെടെയുള്ള ജൈവമാർഗങ്ങൾ. ഇടവിളകളായി കിഴങ്ങുവർഗങ്ങളുണ്ട്.
 വിളവ്‌കമ്പനി പരിസരത്തുതന്നെ  വിൽക്കും. സൊസൈറ്റിയുടെ ജനകീയ ഭക്ഷണശാലയിലേക്ക് ഇവിടെനിന്നാണ് പച്ചക്കറിയെടുക്കുന്നത്. ഹോട്ടലുകാരും ഏജൻസികളും ദിവസേന ജൈവ പച്ചക്കറി ആവശ്യപ്പെട്ടിട്ടുണ്ട്. 
ഫാം ടൂറിസം
 മന്ത്രിമാരായ ഇ പി ജയരാജനും ഡോ. തോമസ് ഐസക്കും ചേർന്നാണ് മെയ്‌ മാസം വിത്തിട്ടത്. ഫാം ടൂറിസം എന്ന നിലയിലാണ് സംയോജിത ക‌ൃഷി. ജനങ്ങൾക്ക് ഫാം പരിചയപ്പെടാനും ക‌ൃഷി പഠിക്കാനും അവസരമൊരുക്കുമെന്ന് കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാക‌ൃഷ്‌ണനും സെക്രട്ടറി പി ജെ കുഞ്ഞപ്പനും പറഞ്ഞു. ഫാമിലേക്കുള്ള വഴിയിൽ പാഷൻ ഫ്രൂട്ട്, കോവൽ തുടങ്ങിയവയുമിടും. 
നെല്ല്, മത്സ്യം, താറാവ്
നെൽക‌ൃഷിക്കുള്ള നിലമൊരുക്കൽ പൂർത്തിയായി. വളപ്പിൽത്തന്നെയുള്ള രണ്ട് കുളത്തിൽ മത്സ്യക‌ൃഷിക്കും പദ്ധതിയുണ്ട്. നാടൻ മത്സ്യങ്ങളും മറ്റ് സങ്കരയിനവുമാകും ക‌ൃഷിചെയ്യുക. താറാവ്, മുട്ടക്കോഴി ക‌ൃഷിയും തുടങ്ങാൻ പദ്ധതിയുണ്ട്. 1500 ചുവട് ബന്തിക‌ൃഷിയുണ്ട്. ഇത് ഓണത്തിന് വിളവെടുക്കും. രണ്ടാം ഘട്ടത്തിൽ പോത്ത് ക‌ൃഷിയുമുണ്ടാകും. 
 
ശുഭകേശനും വിത്തും
ക‌ൃഷിയുപകരണങ്ങൾ സൊസൈറ്റിയുടേത് തന്നെയാണ്. ചെലവ് വഹിക്കുന്നതും സൊസൈറ്റി തന്നെ. കമ്പനിയുടെയും ക‌ൃഷിഭവന്റെയും സഹായവുമുണ്ട്. പരമ്പരാഗത വിത്ത് കർഷകനായ ശുഭകേശനാണ് വിത്ത് നൽകിയത്. ഹരിതമിത്ര അവാർഡ് ജേതാവായ ശുഭകേശന്റെ മേൽനോട്ടവുമുണ്ട്‌. 20 തൊഴിലാളികൾ ചേർന്നാണ് കാടുപിടിച്ചുകിടന്ന സ്ഥലം ക‌ൃഷിയോഗ്യമാക്കിയത്. മഴയിൽ വെള്ളം കയറിയപ്പോൾ തോടുവെട്ടി പടിഞ്ഞാറുള്ള എഎസ് കനാലിലേക്ക് ഒഴുക്കിയെന്ന്‌ സൊസൈറ്റി ട്രഷറർ എം സന്തോഷ്‌കുമാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top