ആലപ്പുഴ > മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം അവസാനിച്ചതോടെ തീരദേശം വീണ്ടും ആവേശത്തിമിര്‍പ്പിലാണ്ടു. 47 ദിവസത്തെ നിരോധനത്തിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു യന്ത്രവല്‍കൃത ബോട്ടുകള്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ കടലില്‍ മത്സ്യബന്ധനത്തിനു പോയിതുടങ്ങി.
തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ പ്രദേശങ്ങളില്‍നിന്നു നൂറുകണക്കിനു ബോട്ടുകള്‍ വീണ്ടും കടലില്‍ ഇറങ്ങി. ട്രോളിങ് നിരോധനഘട്ടത്തില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണിയും മറ്റുമായി കഴിഞ്ഞ ആയിരക്കണക്കിനു തൊഴിലാളികള്‍ വറുതിയുടെ ദിനങ്ങള്‍ കഴിഞ്ഞ് വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേക്കു മടങ്ങിയെത്തി.
യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് നിരോധനം ഉണ്ടായിരുന്നപ്പോള്‍ നല്ല കൊയ്ത്തു പ്രതീക്ഷിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇക്കുറി നിരാശയുടെ കാലമായിരുന്നു. പരമ്പരാഗത രീതിയില്‍ മീന്‍പിടിച്ച് ഉപജീവനം കഴിക്കുന്ന ഇവര്‍ക്കു പ്രതീക്ഷിച്ചരീതിയില്‍ നേട്ടം ഉണ്ടാക്കാനായില്ല. ശക്തമായ കാറ്റും മഴയും കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും കാരണം ആഴ്ചകളോളം കടലില്‍ പോകാന്‍ കഴിയാതെ ഇവര്‍ വലഞ്ഞു.
പുന്നപ്ര ചള്ളി കടലില്‍ ചാകര പ്രത്യക്ഷപ്പെട്ടുവെങ്കിലും കടല്‍ ഇളകിമറിഞ്ഞു കിടന്നതിനാല്‍ അവിടെയും വേണ്ടത്ര നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കൊഴുവയും ചെമ്മീനും മാത്രമാണ് ഇവിടെനിന്നു ഏതാനും ദിവസം കിട്ടിയത്. അവയ്ക്കു വലിയതോതില്‍ വിലയിടിഞ്ഞതും തിരിച്ചടിയായി.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ മീന്‍ എത്തിയതിനാല്‍ ട്രോളിങ് നിരോധനകാലത്ത് നാട്ടില്‍ മത്സ്യലഭ്യതയ്ക്കു കുറവുണ്ടായില്ല. എന്നാല്‍ വില ഏറിയത് ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കി. ഞായറാഴ്ച അര്‍ധരാത്രിയില്‍ ട്രോളിങ് അവസാനിച്ച് ബോട്ടുകള്‍ കടലില്‍ പോയിതുടങ്ങിയതിനാല്‍ നല്ല മീന്‍ കുറഞ്ഞവിലയ്ക്കു കിട്ടുമെന്ന പ്രതീക്ഷയിലാണ് ജനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..