ആലപ്പുഴ
പ്രളയത്തിൽ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി സ്കൂൾ തുറന്നാൽ ഉടൻ പുസ്തകങ്ങൾ വിതരണംചെയ്യും. നോട്ട്ബുക്കുകൾ നഷ്ടപ്പെട്ടവർക്ക് വിതരണം ചെയ്യാൻ 65,000 നോട്ടുബുക്കുകൾ ഇതിനകം ജില്ലയിൽ എത്തിക്കഴിഞ്ഞു. നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചു. ഇത് സ്കൂൾ തുറന്ന ശേഷമുള്ള കണക്കെടുപ്പുകൾക്ക് ശേഷം വിതരണംചെയ്യും. കൂടാതെ കാസർകോട് ജില്ലയിൽ അധികമായ പാഠപുസ്തകങ്ങൾ ആലപ്പുഴ ജില്ലയ്ക്ക് നൽകാനും തീരുമാനമുണ്ട്. സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങൾ വിദ്യാർഥികൾക്കായി മാനസികോല്ലാസ പദ്ധതികൾക്കായി വിനിയോഗിക്കാനും ഈ സമയം കൊണ്ട് പുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് നൽകാനുമാണ് തീരുമാനം. സെപ്തംബർ അഞ്ചിനകം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് ജില്ലാ വിദ്യാഭ്യാസ ഒാഫീസ് അറിയിച്ചു.