ആലപ്പുഴ
വെള്ളപ്പൊക്ക ബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അതിവേഗം വിതരണംചെയ്യാൻ തീരുമാനമായി. രണ്ടുദിവസത്തിൽ കൂടുതൽ വീടുകളിൽ വെള്ളംകയറിയവർക്ക് സഹായം ലഭിക്കും. ബാങ്കുകൾ വഴിയാകും ധനസഹായം എത്തിക്കുക. വീട്ടിലെ ഏതെങ്കിലും ഒരംഗത്തിന്റെ അക്കൗണ്ടിലേക്ക് സഹായധനം ലഭ്യമാക്കും. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും. ശേഖരിക്കുന്ന വിവരങ്ങൾ രേഖപ്പടുത്തിയശേഷം സഹായവിതരണം നടപ്പാക്കും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, റേഷൻകാർഡ്, ആധാർകാർഡ് എന്നീ രേഖകൾ നൽകണം.
രേഖകൾ നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ ബാങ്കുകളുമായി ചേർന്ന് പ്രത്യേക അദാലത്തുകൾ നടത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായം ലഭിക്കും. കുട്ടനാട്ടിലെ മിക്ക സർക്കാർ ഓഫീസുകളും ബാങ്കുകളും വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രവർത്തനരഹിതമായിരുന്നു. ഇത് പ്രവർത്തന സജ്ജമാകുന്നതോടെ ധനഹായ വിതരണം ഉൾപ്പെടെയുള്ള അതിജീവന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് സർക്കാർ നിർദേശം.