24 October Thursday

ഹൃദയത്തോട്‌ ചേർത്ത്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019
തിരുവനന്തപുരം
‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തി ആഗസ്‌ത്‌ 15 ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ  പ്രചാരണാർഥമുള്ള തെക്കൻ മേഖലാ ജാഥയെ തലസ്ഥാനജില്ല ഹൃദയത്തോട്‌ ചേർത്തു. യുവമനസ്സുകളെ ആവേശംകൊള്ളിച്ച്‌ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി.  തൊഴിലവസരങ്ങൾ നശിപ്പിച്ച്‌ പൊള്ളയായ തൊഴിൽവാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുന്ന മോഡി സർക്കാരിന്റെ തട്ടിപ്പിനെതിരെ ജാഥയിൽ രോഷമുയർന്നു.  ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്‌നേഹോഷ്‌മളമായ വരവേൽപ്പാണ്‌ ജാഥയ്‌ക്ക്‌ നൽകിയത്‌.  
 
  പട്ടത്തെ എ കെ ജി പാർക്കിൽ എ കെ ജി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ്‌ ചൊവ്വാഴ്‌ച ജാഥ ആരംഭിച്ചത്‌. വഞ്ചിയൂർ ബ്ലോക്കിലെ മെഡിക്കൽ കോളേജ്‌ ജങ്‌ഷനിലായിരുന്നു ആദ്യ സ്വീകരണം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജാഥ സ്വീകരിക്കാനെത്തിയിരുന്നു.  പേരൂർക്കട, കഴക്കൂട്ടം,  മംഗലപുരം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ജാഥ സമാപിച്ചു. വാദ്യമേളങ്ങളും കാവടിയും മുത്തുക്കുടകളുമേന്തിയാണ്‌ വിവിധ കേന്ദ്രങ്ങളിൽ യുവാക്കൾ ജാഥയെ വരവേറ്റത്‌.  
ബുധനാഴ്‌ച  രാവിലെ കൊട്ടിയത്തുനിന്നാരംഭിക്കുന്ന ജാഥ കുണ്ടറ, പള്ളിമുക്ക്, ചവറ എന്നീ കേന്ദ്രങ്ങളിലെ പര്യടനങ്ങൾക്കുശേഷം കരുനാഗപ്പള്ളിയിൽ സമാപിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എസ്‌ സതീഷ്‌, മാനേജർ എസ്‌ കെ സജീഷ്‌, അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌, പ്രസിഡന്റ്‌ വി വിനീത്‌, ട്രഷറർ വി അനൂപ്‌ എന്നിവർ സംസാരിച്ചു.  
 
പ്രധാന വാർത്തകൾ
 Top