11 July Saturday

8 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
കണ്ണൂർ
ജില്ലയിൽ എട്ടു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ടും മുംബൈയിൽനിന്നുവന്ന കോട്ടയം–- മലബാർ സ്വദേശികൾ. ഏഴുപേർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്‌. ഒരാൾ ഇവർക്കൊപ്പം മുംബൈയിൽനിന്ന്‌ ടെമ്പോ ട്രാവലറിൽ യാത്ര ചെയ്‌തയാളും.  
രണ്ടു സഹോദരന്മാരും അവരുടെ ഭാര്യമാരും മക്കളും 23നാണ്‌ നാട്ടിലെത്തിയത്‌. ഇതിൽ നാൽപ്പത്തഞ്ചുകാരനായ മൂത്ത സഹോദരന്‌ 27ന്‌ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന്‌ 25ന്‌ തന്നെ അദ്ദേഹത്തിന്റെ സ്രവപരിശോധന നടത്തിയിരുന്നു. ഭാര്യ(38),  പത്തും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾ, പതിനഞ്ചുകാരിയായ മകൾ, മുപ്പത്തൊമ്പതുകാരനായ ഇളയ സഹോദരൻ, നാലു വയസ്സുകാരി മകൾ, പത്തു വയസ്സുകാരനായ മകൻ, ഈ കുടുംബത്തിനൊപ്പം നാട്ടിലെത്തിയ നാൽപ്പത്തൊന്നുകാരൻ എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇവർ 28ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ്‌ സ്രവ പരിശോധനയ്‌ക്കു വിധേയരായത്‌. 
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. മൂന്നുപേർ‌ ശനിയാഴ്‌ച രോഗമുക്തരായി. ആകെ 123 പേരാണ്‌ രോഗം ഭേദമായി ആശുപത്രി വിട്ടത്‌. ചികിത്സയിലുള്ളത്‌ 98 പേർ. 
നിലവിൽ ജില്ലയിൽ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 67 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 93 പേരും തലശേരി ജനറൽ ആശുപത്രിയിൽ 25 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 20 പേരുമുണ്ട്‌. വീടുകളിൽ 9464 പേർ. 
ഇതുവരെ ജില്ലയിൽനിന്ന്‌ 6822 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top