08 July Wednesday

സ്രവം ശേഖരിക്കാൻ എത്തിച്ചയാൾ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ചേർത്തല
കോവിഡ് പരിശോധനയ‌്ക്ക‌് സ്രവം ശേഖരിക്കാൻ ആശുപത്രിയിൽ എത്തിച്ചയാൾ അധികൃതരെ വെട്ടിച്ച് വീട്ടിലേക്ക‌് മടങ്ങി. മടക്കയാത്രയിൽ ഇയാൾ സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ കണ്ടക‌്ടറെ നിരീക്ഷണത്തിലാക്കി.
വീട്ടിൽ നിരീക്ഷണത്തിലുള്ള വയലാർ കൊല്ലപ്പള്ളി സ്വദേശിയെയാണ് ശനിയാഴ‌്ച രാവിലെ ആരോഗ്യവകുപ്പ് അധികൃതർ ആംബുലൻസിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സ്രവം എടുത്തശേഷം ആരോടുംപറയാതെ ഇയാൾ പോകുകയായിരുന്നു. കെഎസ്ആർടിസി സ‌്റ്റാൻഡിലെത്തി ബസിൽ പുതിയകാവിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു. ഏറെനേരം കാത്തിരുന്നിട്ടും കാണാതായതോടെ ആശുപത്രി അധികൃതരെ അറിയിച്ച്‌ പൊലീസിന് വിവരം കൈമാറി‌. 
ഗുജറാത്തിലെ അലഹബാദിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിയുള്ള ഇയാൾ നാലുദിവസം മുമ്പാണ് നാട്ടിലെത്തിയത്. റെഡ്‌സോണിൽനിന്ന് എത്തിയതിനാൽ ക്വാറന്റൈനിലായിരുന്നു. ഇയാൾക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന‌് കേസെടുത്തു.
വീട്ടിലേക്ക‌് പോകാൻ ഇയാൾ സഞ്ചരിച്ച ബസ‌് കണ്ടക‌്ടറെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ് കെഎസ്ആർടിസി അധികൃതരോട‌് നിർദേശിച്ചു. ഓട്ടോഡ്രൈവറെയും ബസിൽ ഒപ്പം യാത്രചെയ‌്തവരേയും കണ്ടെത്താൻ ശ്രമം തുടങ്ങി.
പ്രധാന വാർത്തകൾ
 Top