25 May Monday
20 വാഹനം കസ്‌റ്റഡിയിൽ

29 കേസ്‌; 25 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

അനിയാ നിൽ കുണ്ടമൺകടവ്‌ പാലത്തിൽ പൊലീസ്‌ വാഹനപരിശോധന നടത്തുന്നു

തിരുവനന്തപുരം
വിലക്ക്‌ ലംഘിച്ച്‌ യാത്ര ചെയ്‌തതിനു ഞായറാഴ്‌ച തിരുവനന്തപുരം സിറ്റി പൊലീസ്‌ 29 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 25 പേരെ അറസ്‌റ്റ്‌ ചെയ്യുകയും 20 വാഹനം പിടിച്ചെടുക്കുകയും ചെയ്‌തു. ഞായറാഴ്‌ച കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി പരിശോധന ശക്തമാക്കുകയും ഡ്രോൺ ഉൾപ്പെടെ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.  പിടിച്ചെടുത്തതിൽ 16 ഇരുചക്ര വാഹനവും മൂന്നു ഓട്ടോയും കാറുമുണ്ട്‌. ഇവ ലോക്ക്ഡൗൺ കാലാവധി കഴിഞ്ഞേ വിട്ടുനൽകൂവെന്ന് കമീഷണർ ബൽറാം കുമാർ ഉപാധ്യയ അറിയിച്ചു.
 
സിറ്റിയിൽ അതിർത്തി അടച്ചാണ്‌ പരിശോധന. ആഹാര സാധനങ്ങളും മരുന്നും വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആളുകളെ അതിർത്തി കടത്തിവിടുന്നുള്ളൂ. ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസുകാർക്കും ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ നൽകിയിട്ടുണ്ട്‌. അതിഥി തൊഴിലാളികളെ ചാല ബോയ്സ് സ്കൂൾ, എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ, മണക്കാട് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങിലാണ്‌ പാർപ്പിച്ചിട്ടുള്ളത്‌. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുവെന്ന്‌ പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്‌. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കമീഷണർ സന്ദർശിച്ചു. ക്യാമ്പുകളിൽ എന്തെങ്കിലും പ്രശ്നങ്ങളോ വിഷയങ്ങളോ ഉണ്ടെങ്കിൽ സമീപവാസികൾ പൊലീസിനെയോ ജില്ലാ അധികൃതരെയോ അറിയിക്കണമെന്നും കമീഷണർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top