28 May Thursday

കടത്തില്ലാതെ ഇവിടെ ജീവിതമില്ല

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020
കൊല്ലം
കോവിഡ്‌ ഭീതിയിലും മുടക്കമില്ലാതെ കടത്തുസർവീസ്‌. സമയത്തിൽ ചില ക്രമീകരണം വരുത്തിയിട്ടുണ്ട്‌. ആശുപത്രി ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക്‌ വീടിനു പുറത്തേക്ക്‌ പോകാൻ കടത്തിനെ മാത്രം ആശ്രയിക്കേണ്ട അനേകംപേർ ജില്ലയിലുണ്ട്‌. പിഡബ്ല്യുഡി റോഡ്‌സ്‌ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്‌ ഫെറി സർവീസ്‌. ലോക്ക്‌ഡൗൺ  നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറുമുതൽ ഒമ്പതുവരെയും രണ്ടുമുതൽ അഞ്ചുവരെയുമായി കടത്ത്‌ സമയം പുതുക്കി നിശ്ചയിച്ചു. യാത്രക്കാരുടെ എണ്ണം കൂടാതിരിക്കാനും ഫെറിമാന്മാർ ശ്രദ്ധിക്കണം.  സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ ശാസ്‌താംകോട്ട തടാകത്തിലൂടെ സർവീസ്‌ നടത്തുന്നത്‌ ആറു വള്ളങ്ങളാണ്‌. പടിഞ്ഞാറെക്കല്ലട പഞ്ചായത്തിലെ വിളന്തറ ഭാഗത്ത്‌ താമസിക്കുന്നവർക്കുള്ള യാത്രാമാർഗമാണിത്‌. 
കുന്നത്തൂർ താലൂക്ക്‌ ആസ്ഥാനത്തേക്ക്‌ വേഗം എത്തുന്നതിനാണ്‌ കടത്തുപയോഗിക്കുന്നത്‌. മൺറോതുരുത്തിൽ അരിനെല്ലൂർ, മലയിൽക്കടവ്‌, കൊന്നയിൽക്കടവ്‌, പെരുങ്ങാലം, പേഴംതുരുത്ത്‌, പെരുമൺ, ഓലത്തറ, കക്കാട്‌ കടവുകളും പ്രവർത്തിക്കുന്നു. കൊല്ലത്ത്‌ മാമൂട്ടിൽക്കടവ്‌, പ്രാക്കുളം, തൃക്കരുവ, സാമ്പ്രാണിക്കുടി, പനയം തുടങ്ങിയ കടവുകളിലും വള്ളം സർവീസ്‌ നടത്തുന്നുണ്ട്‌. സർക്കാർ ബോട്ട്‌ സർവീസ്‌ നിർത്തിവച്ചതോടെ തുരുത്തുകളിൽ താമസിക്കുന്നവർക്ക്‌ അത്യാവശ്യങ്ങൾക്ക്‌ പുറത്തുപോകാൻ ഏകമാർഗം കടത്തുവള്ളങ്ങളാണ്‌. ലോക്ക്‌ഡൗണിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ ചില കടത്തുകളിൽ ഇടപെട്ടിരുന്നു. എന്നാൽ, ജനപ്രതിനിധികളുടെ ഇടപെടലിൽ സമയം ക്രമപ്പെടുത്തി  കടത്തുസർവീസ്‌ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മറ്റ്‌ ഗതാഗത മാർഗം ഇല്ലാത്തതിനാലാണ്‌ കടത്ത്‌ അനുവദിക്കുന്നതെന്ന്‌ പിഡബ്ല്യുഡി റോഡ്‌സ്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ എൻജിനിയർ നസീം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top