26 May Tuesday

മലയൻകുനി സഹോദരന്മാർക്ക് കരിമ്പുകൃഷി കയ്‌ക്കുന്നു

പി സുരേശൻUpdated: Monday Mar 30, 2020

മലയൻ കുനി സഹോദരനാരായ രാജനും ദാമോദരനും കൃഷിയിടത്തിൽ.

കയരളം
മാതൃകാകർഷകരായ മലയൻകുനി സഹോദരന്മാർക്ക് കരിമ്പ് കൃഷിയിൽ ഇത്തവണ കയ്‌പേറിയ അനുഭവം. അമ്പത്തിയഞ്ച് വർഷത്തെ കൃഷിക്കിടയിൽ ഒരിക്കലും കരിമ്പ് വെട്ടാതിരുന്നിട്ടില്ല. ഇവരുടെ നാടൻ കരിമ്പിന് അത്രയേറെ ആവശ്യക്കാരുണ്ടായിരുന്നു. നല്ല മധുരവും യഥേഷ്ടം നീരും ലഭിക്കുന്ന  കരിമ്പ് കച്ചവടക്കാർ എത്ര വില കൊടുത്തും വാങ്ങുമായിരുന്നു. പാപ്പിനിശേരി കാട്ടിലെപ്പള്ളി, മുല്ലക്കൊടി ആയാർമുനമ്പ്, പുളിങ്ങോം ഉറൂസുകളിലും ചെറുകുന്ന് തുടങ്ങിയ ക്ഷേത്രോത്സവങ്ങളിലുമൊക്കെ മലയൻകുനി സഹോദരങ്ങളായ ദാമോദരന്റെയും രാജന്റെയും കരിമ്പ് വൻതോതിൽ വിറ്റഴിയാറുണ്ട്.
കൊറോണ ജാഗ്രതയിൽ നേർച്ചകളും ഉത്സവങ്ങളും മാറ്റിവച്ചതോടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പുളിങ്ങോം ഉറൂസിന് ഒരുലക്ഷം രൂപയുടെ  കരിമ്പ് ബുക്ക്ചെയ്തതായിരുന്നു. ഉറൂസ് മാറ്റിവച്ചതോടെ ആ കച്ചവടവും നടന്നില്ല. പാകമായ കരിമ്പ് എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഈ സഹോദരന്മാർ.
അച്ഛൻ  കണ്ണനാണ് ഇവർക്ക് കൃഷി പകർന്നുനൽകിയത്. കരിമ്പുകൃഷി ഏറെ അധ്വാനമുള്ള തൊഴിലാണ്‌. സ്ഥിരമായി വെള്ളം നനയ്ക്കണം. ചോലയും വെട്ടി മാറ്റിക്കൊണ്ടിരിക്കണം. കരിമ്പിൻ തണ്ട് കൃത്യമായി കെട്ടിക്കൊടുകയും വേണം. വർഷം രണ്ടുലക്ഷം രൂപയുടെ കരിമ്പ് ഉൽപ്പാദിപ്പിക്കാറുണ്ട്. കൊറോണപ്പേടിയിൽ ചില്ലറ ആവശ്യക്കാരും ഒഴിഞ്ഞുമാറുകയാണ്. കരിമ്പ് വെട്ടാതിരുന്നാൽ അടുത്ത വർഷത്തെ കൃഷിയും മുടങ്ങും. 
സർക്കാർ  സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഒരു സ്വകാര്യ ടിവി ചാനലിന്റെ മികച്ച  കർഷകർക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്‌. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ എല്ലാ ഭാഗത്തുനിന്നും അകമഴിഞ്ഞ പിന്തുണയാണ് വേണ്ടത്. പാകമായ കരിമ്പ്‌ വാങ്ങാൻ സന്നദ്ധരായി ആരെങ്കിലുമെത്തിയാലേ ഭാവിയിലും ഇവർക്ക്‌ കൃഷി തുടരാനാവൂ.

 

പ്രധാന വാർത്തകൾ
 Top