18 October Friday

കില പരിശീലനകേന്ദ്രങ്ങൾ മന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

മന്ത്രി എ സി മൊയ്തീൻ കില ഇടിസി, സിഎച്ച്ആർഡി പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുന്നു

 

കൊട്ടാരക്കര
കില ഇടിസി, സിഎച്ച്ആർഡി പരിശീലന കേന്ദ്രങ്ങൾ മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു. കില സെന്ററുകളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് മന്ത്രി എത്തിയത്. സെന്ററുകളുടെ സൗകര്യങ്ങൾ പരിശോധിക്കുകയും പ്രവർത്തനങ്ങൾ നേരിൽ കാണുകയുംചെയ്തു. തുടർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന മുൻഗണനകൾ ക്രമീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
ജില്ലാ കലക്ടറുടെ പൊതുവായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കില സെന്ററുകൾ നിൽക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുന്നതിന് കൊട്ടാരക്കര തഹസിൽദാരെ ചുമതലപ്പെടുത്തി.  ഇടിസി കോമ്പൗണ്ടിൽനിന്ന്‌ പലപ്പോഴായി ഭൂമി കൈമാറിയ വകുപ്പുമേധാവികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയുടെ അളവും അതിന്റെ അതിർത്തിയും റവന്യൂ റെക്കോഡുകളും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളും പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഭാവിയിൽ ഇടിസി കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുസ്ഥാപനത്തിനും കൈവശമുള്ള ഭൂമി സംബന്ധിച്ച്  ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. 
പി അയിഷാപോറ്റി എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബി ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാർ, സ്പിന്നിങ്മിൽ ചെയർമാൻ ജോർജ്‌ മാത്യു, പഞ്ചായത്ത് ഡയറക്ടർ  ബി എസ് തിരുമേനി, മുനിസിപ്പൽ കൗൺസിലർ സി മുകേഷ്, കില ഡയറക്ടർ ജോയ് ഇളമൺ, കില സിഎച്ച്ആർഡി ഡയറക്ടർ കെ എം രാമകൃഷ്ണൻ, കില ഇടിസി പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top