08 August Saturday

കായലുകളിൽ ‘വരത്തൻ’ പെരുകി

സ്വന്തം ലേഖികUpdated: Monday Jun 29, 2020

വരത്തൻ കല്ലുമ്മേക്കായ എന്ന തെക്കേ അമേരിക്കൻ ചാരുകല്ലുമ്മേക്കായ

കൊല്ലം
അഷ്ടമുടിക്കായലിൽ തെക്കേഅമേരിക്കൻ ചാരുകല്ലുമ്മേക്കായ (‘വരത്തൻ’ കല്ലുമ്മേക്കായ) പെരുകുന്നു.  വേമ്പനാട്‌, പൊന്നാനി ഉൾപ്പെടെയുള്ള കായലുകളിലും ഇവയുടെ എണ്ണം വർധിച്ചതായി പഠനം. തനത് പച്ച, തവിട്ടു കല്ലുമ്മേക്കായകളെ ഇവ ഇല്ലാതാക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇത്‌ പ്രതികൂലമായി ബാധിക്കുന്നു‌. കേരള സർവകലാശാലയിലെ അക്വാട്ടിക്‌ ബയോളജി വിഭാഗത്തിലെ ഡോ. ബിജുകുമാർ, ഡോ. രവിനേഷ്‌, ഇംഗ്ലണ്ടിലെ വെയിൽസ് മ്യൂസിയത്തിലെ ഗ്രഹാം ഒലിവർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ എസ് കെ ടാൻ, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. കലേഷ് സദാശിവൻ എന്നിവരാണ്‌  പഠനം നടത്തിയത്‌.  മൈറ്റല്ല സ്‌ട്രിഗാറ്റ എന്ന‌   ശാസ്‌ത്രനാമമുള്ള ഇവയ്‌ക്ക്‌ ഏഴു സെന്റീമീറ്ററോളം നീളമുണ്ടാകും.‌ ഒരേ സമയം പാറകളിൽ പറ്റിപ്പിടിക്കാനും കായലിന്റെ അടിത്തട്ടിൽ ജീവിക്കാനും ശേഷിയുള്ളതിനാൽ വളരെ വേഗമാണ്‌ വ്യാപനം. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലും തീരപ്രദേശങ്ങളിലെ പാറകളിലും ഇവ വ്യാപകമാണ്‌. കഠിനംകുളം കായൽ, പരവൂർ, ഇടവ- നടയറ, അഷ്ടമുടി, കായംകുളം, വേമ്പനാട്, ചേറ്റുവ, പൊന്നാനി കായലുകളിലാണ്‌ ചാരുകല്ലുമ്മേക്കായയുടെ സാന്നിധ്യം  കൂടുതൽ.  സാധാരണ കല്ലുമ്മേക്കായകളിൽനിന്ന്‌ ഇവയെ വ്യത്യസ്‌തമാക്കുന്നത്‌ തോടിനു മുൻവശത്ത്‌ അടിയിലായി കാണുന്ന രണ്ടു തടിപ്പുകളാണ്‌. വിദേശക്കപ്പലുകളുടെ അടിത്തട്ടിൽ പറ്റിപ്പിടിച്ചും അവയിലെ വെള്ളത്തിൽ (ബാലസ്റ്റ് വാട്ടർ) ഉൾപ്പെട്ടും  എത്തിയതാകാമെന്നാണ്‌ നിഗമനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top