19 September Thursday

വിയർപ്പുമുത്തുകൾ നിറകതിരായി

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019

ജയചന്ദ്രകുമാർ ക‌ൃഷിയിടത്തിൽ

 പ്രയത്നത്തിന്റെ ഫലമെല്ലാം പ്രക‌ൃതിയുടെ സംഹാരതാണ്ഡവത്തിൽ മുങ്ങിപ്പോയതിന്റെ വിഷമത്തിലും നിരാശയിലും പകച്ചുനിൽക്കുകയായിരുന്നു കഴിഞ്ഞവർഷം ആലപ്പുഴയിലെ കർഷകജനത. കൊള്ളപ്പലിശയ‌്ക്ക‌് കടംവാങ്ങിയും പണയംവച്ചുമൊക്കെ നെൽക‌ൃഷിയിറക്കിയ കർഷകരുടെ രോദനമായിരുന്നു എങ്ങും . 102 പാടശേഖരങ്ങളിലാണ‌് കൃഷി മടവീണ‌് നശിച്ചത‌്.  

എന്നാൽ പ്രളയജലത്തിൽ തകർച്ചയുടെ നെല്ലിപ്പലക കണ്ട കാർഷികമേഖലയിൽ സമൃദ്ധിയുടെ നിറകതിർ വിരിയുന്നതിനാണ‌് പ്രളയാനന്തര ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത‌്. രണ്ട‌് പതിറ്റാണ്ടിനിടയിലെ മികച്ച വിളവ‌് നേടിയെടുത്ത‌് കുട്ടനാട്ടിലെയും ഓണാട്ടുകരയിലെയും കർഷകരും കർഷകത്തൊഴിലാളികളും പ്രക‌ൃതി ദുരന്തങ്ങളോട‌് പടവെട്ടി ജയിക്കാൻ കരുത്തുള്ളവരാണ‌് തങ്ങളെന്ന‌് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു. 
നെല്ലറയെ മുക്കിക്കളഞ്ഞ പ്രളയത്തിലും മികച്ച വിളവ‌് ലഭിക്കാനിടയായതിന്റെ കാരണമായത‌് ആലപ്പുഴയിലെ ജനതയുടെ എന്തിനെയും നേരിടാനുള്ള കരുത്താണ‌്. ഇതിശനാപ്പം സംസ്ഥാന സർക്കാർ നൽകിയ ശക്തമായ പിന്തുണയും പ്രളയംതന്നെ ക‌ൃഷിനിലങ്ങളിൽ ഒരുക്കിയ അനൂകൂല കാലാവസ്ഥയുമുണ്ട‌്. 
മൂലകങ്ങൾ പ്രളയജലത്തനൊപ്പം പാടങ്ങളിൽ എത്തിയത‌് ക‌ൃഷിക്ക‌് സഹായകമായി. ജൈവാംശത്തിന്റെ കുറവ‌് വർഷങ്ങളായി പാടങ്ങളിൽ ബാധിച്ചിരുന്നു. നേരത്തെ വൈക്കോൽ പാടത്തുതന്നെ അലിഞ്ഞുചേരുകയായിരുന്നു പതിവ‌്.  എന്നാൽ പിന്നീട‌്  കർഷകർ ലാഭത്തിനുവേണ്ടി അത‌് വിൽക്കുന്ന പതിവായി. അങ്ങനെ ജൈവാംശം നഷ‌്ടപ്പെട്ട പാടങ്ങളിലേക്കാണ‌് എക്കലിന്റെ രൂപത്തിൽ പ്രളയം ജൈവാംശം കൊണ്ടുവന്നത‌്. ഇങ്ങനെ വളക്കൂറുണ്ടായ പാടശേഖരങ്ങളിലാണ‌് കർഷകരുടെ വിജയഗാഥ. 
‘ഏക്കറിന‌് 30 ക്വിന്റൽ വിളവാണ‌് ഇത്തവണ ശരാശരി കിട്ടിയത‌്. പള്ളാത്തുരുത്തി മേഖലയിലും മറ്റും 35 ക്വിന്റൽവരെ കിട്ടിയ പാടങ്ങളുമുണ്ട‌്. ഇതിനു മുമ്പ‌് പരമാവധി 25 ക്വിന്റലാണ‌് വിളവ‌്’–-  രാമങ്കരി കോയിൽ വട്ടത്തുശേരി കിഴക്കേ ബ്ലോക്ക‌് പാടശേഖരസമിതി സെക്രട്ടറി ജയചന്ദ്രകുമാർ സന്തോഷം മറച്ചുവയ‌്ക്കുന്നില്ല. 55 ഏക്കർ പാടശേഖരത്തിൽ അഞ്ച‌് ഏക്കറിലാണ‌് ജയചന്ദ്രകുമാറിന‌് കൃഷി. രണ്ടു പതിറ്റാണ്ടിനിടെ ഇത്ര മികച്ച വിളവ‌് കിട്ടിയിട്ടില്ലെന്ന‌് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 
ആലപ്പുഴ ജില്ലയിൽ 1.89 ലക്ഷം മെട്രിക‌് ടൺ നെല്ലാണ‌് ഇതുവരെ സംഭരിച്ചത‌്. കഴിഞ്ഞവർഷത്തെ ആകെ ഉൽപ്പാദനം 1.15 മെട്രിക‌് ടൺ  മാത്രമായിരുന്നെന്ന‌് അസിസ‌്റ്റന്റ‌് മാനേജർ (പാഡി,  സപ്ലൈകോ) എ വി സുരേഷ‌്കുമാർ പറഞ്ഞു. ഇപ്പോഴും കൊയ‌്ത്ത‌് നടക്കുന്ന പാടശേഖരങ്ങളുണ്ട‌്.  ജൂൺ 30നു മാത്രമേ സംഭരണം പൂർത്തിയാകൂ.  അപ്പോഴേക്കും ജില്ലയിലെ നെല്ലുൽപ്പാദനം രണ്ടുലക്ഷം മെട്രിക‌് ടണ്ണാകുമെന്നാണ‌്  അധിക‌ൃതരുടെ കണക്കുകൂട്ടൽ. ജില്ലയിൽ 34,105 കർഷകരിൽനിന്നായി 480.44 കോടി രൂപയുടെ നെല്ലാണ‌് സംഭരിച്ചത‌്.  ഇതിൽ 224. 82 കോടി രൂപ കർഷകർക്ക‌് നൽകിക്കഴിഞ്ഞു. ഇനി നൽകാനുള്ളത‌് 255.6 കോടി. പ്രളയശേഷം മോട്ടോർ നന്നാക്കാനും മറ്റും മിന്നൽവേഗത്തിലായിരുന്നു സർക്കാർ പണം അനുവദിച്ചത‌്. മാലിന്യസംരക്ഷണത്തിനും പോള കളഞ്ഞ‌് വൃത്തിയാക്കാനും ഹെക‌്ടറിന‌് 12,500 രൂപവീതം നൽകി. 30,000 രൂപവരെ  മോട്ടോറിന്റെ അറ്റകുറ്റപ്പണിയുടെ ആവശ്യത്തിനനുസരിച്ച‌് സർക്കാർ പണം നൽകി.  
മുഴുവൻ കർഷകർക്കും നെൽവിത്ത‌് പൂർണമായും സൗജന്യമായി അനുവദിച്ചത‌് മടവീണ‌് എല്ലാം നഷടപ്പെട്ട‌് കടക്കെണിയിലായ കർഷകർക്ക‌് വലിയ ആശ്വാസമായി. നേരത്തെ കിലോയ‌്ക്ക‌് 12 രൂപയ‌്ക്ക‌്  അനുവദിച്ചിരുന്ന വിത്താണ‌് ഇത്തവണ സൗജന്യമാക്കിയത‌്. 
 മടവീണതിന‌് നഷ‌്ടപരിഹാരമായി നൽകിയത‌് 3.54 കോടിയാണ‌്. വെള്ളം ഇറങ്ങിയ ഉടൻ 20 ശതമാനവും അസിസ‌്റ്റന്റ‌് എക‌്സിക്യൂട്ടീവ‌് എൻജിനിയറുടെ പരിശോധനയ‌്ക്കുശേഷം 80 ശതമാനവും. വെള്ളപ്പൊക്കത്തിൽ മോട്ടോർ നശിച്ചുപോയ പാടങ്ങളിൽ അത‌് പുനഃസ്ഥാപിക്കാൻ 70  ലക്ഷം നൽകി. മുങ്ങിപ്പോയവ നന്നാക്കാൻ  1.4 കോടിയും. 
പല ക‌ൃഷിഭവനുകൾക്കും ട്രാക‌്ടർ ഉണ്ടായിരുന്നത‌് കർഷകർക്ക‌് വലിയ അനുഗ്രഹമായി. ട്രാക‌്ടറിന‌് ഡീസൽ അടിച്ചുകൊടുക്കുകമാത്രം ചെയ‌്താൽ മതിയായിരുന്നു. 
നെല്ല‌് കളത്തിൽ കിടന്ന‌്  മഴ നനയുകയോ കിളിർക്കുകയോചെയ്യുന്ന അവസ്ഥ ഇത്തവണ ഉണ്ടായില്ല. വളരെ പെട്ടെന്നുതന്നെ നെല്ല‌് സംഭരിക്കുകയും 15 ദിവസത്തിനകം പണം കൈയിലെത്തുകയും ചെയ‌്തുവെന്നതാണ‌് മറ്റൊരു പ്രത്യേകത. 

പാടങ്ങൾക്ക‌് വളക്കൂറായി; കീടങ്ങൾ മാറിനിന്നു 

റെക്കോഡ‌് വിളവിന‌് കാരണമായത‌് ക‌ൃഷിക്ക‌് അനൂകൂലമായ എല്ലാ  ഘടകവും ഒത്തുവന്നതായിരുന്നെന്ന‌് കാർഷിക ഗവേഷണകേന്ദ്രം ശാസ‌്ത്രജ്ഞ ഡോ. റീന മാത്യു ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടിൽ ക‌ൃഷിയിറക്കാനുള്ള അനുയോജ്യസമയമെന്ന‌് ഡോ. എം എസ‌് സ്വാമിനാഥൻ ചൂണ്ടിക്കാണിച്ച ഒക‌്ടോബറിൽത്തന്നെ അത‌് ചെയ്യാനായി. വർഷക‌ൃഷിയുള്ളപ്പോൾ ഒരിക്കൽപ്പോലും ഇതു നടക്കാറില്ല. കാരണം വർഷക‌ൃഷിയുടെ കൊയ‌്ത്ത‌്  കഴിയുമ്പോൾത്തന്നെ നവംബറാകും. പിന്നീട‌് പുഞ്ചയ‌്ക്ക‌് വിതയ‌്ക്കുമ്പോൾ വൈകും.  ഇത്തവണ വർഷക‌ൃഷി നശിച്ചുപോയതുകൊണ്ട‌് ഒക‌്ടോബറിൽ ക‌ൃഷിയിറക്കിയത‌് കീടബാധ കുറയാൻ കാരണമായി. കീടനാശിനി അടിക്കേണ്ടാത്തതിനാൽ മിത്രകീടങ്ങൾ ചത്തില്ല എന്ന ഗുണവുമുണ്ടായി. വെള്ളപ്പൊക്കത്തിൽ കീടങ്ങളും രോഗാണുക്കളും ഒഴുകിപ്പോയതും ഗുണകരമായി. 
  കീടശല്യവും ഉപ്പുവെള്ളം കയറുന്നതുമാണ‌് സാധാരണ പുഞ്ചയ‌്ക്ക‌് വിളവ‌് കുറയാൻ കാരണം. തണ്ണീർമുക്കം ബണ്ട‌് തുറക്കാതിരുന്നതുകൊണ്ട‌് ഉപ്പുവെള്ളം കയറി ക‌ൃഷിനശിക്കുന്ന സാഹചര്യവും ഒഴിവായി. എക്കൽ കയറിയതോടെ പാടങ്ങൾ ഫലഭൂഷ‌്ഠമായി. സർക്കാരും ക‌ൃഷിവകുപ്പും  അതീവ ജാഗ്രത പുലർത്തിയതുകൊണ്ട‌് പമ്പിങ‌് ലേലംമുതലുള്ള കാര്യങ്ങൾ നേരത്തെ നടത്താനായി.
2014ലും സമാനമായി മികച്ച വിളവ‌് ലഭിച്ചതായി റീന മാത്യു ഓർക്കുന്നു.  അന്നും വെള്ളപ്പൊക്കത്തിൽ ക‌ൃഷി നശിച്ചശേഷമായിരുന്നു പുഞ്ചക‌ൃഷി.  2007ൽ ക‌ൃഷി നശിച്ചശേഷം മികച്ച വിളവ‌് ലഭിച്ചെങ്കിലും വേനൽമഴയിൽ അത‌് നശിച്ചു.

പച്ചക്കറിക‌ൃഷി വികസനത്തിന‌് 3.72 കോടി 

പ്രളയത്തെ അതിജീവിച്ച ജില്ലയെ പച്ചക്കറിക‌ൃഷി വികസനത്തിന്റെ കാര്യത്തിലും സർക്കാരിന്റെ കൈത്താങ്ങ‌്. 3.72 കോടി രൂപ പച്ചക്കറിക‌ൃഷി വികസനത്തിന‌് അനുവദിച്ചു. ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ ലക്ഷ്യമാക്കി കർഷകർക്ക് മൂന്ന‌ുലക്ഷം വിത്തുകിറ്റും വിദ്യാർഥികൾക്ക് 1.5 ലക്ഷം കിറ്റും നൽകും. കൂടാതെ 13 ലക്ഷം പച്ചക്കറിത്തൈകൾ ക‌ൃഷിവകുപ്പ് സൗജന്യമായി വിതരണംചെയ്യും. തൈകൾ ജില്ലയിലെ നേഴ്‌സറികളിൽ വിതരണത്തിന് തയ്യാറായി.
വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിക‌ൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ഹെക‌്ടർ വീതമുള്ള ക്ലസ‌്റ്ററുകൾ ക‌ൃഷിഭവൻ തലത്തിൽ രൂപീകരിച്ചു. 90 ക്ലസ‌്റ്ററുകൾക്ക് 75,000 രൂപ വീതം ധനസഹായം നൽകും. ഇവർക്ക‌് രണ്ട‌് ഹെക‌്ടർവരെ അധികം സ്ഥലത്ത് ക‌ൃഷിചെയ്യാൻ ഹെക‌്ടറൊന്നിന‌് 15,000 രൂപ നിരക്കിൽ ധനസഹായം നൽകും. ജില്ലയിലാകെ 300 ഹെക‌്ടർ അധിക സ്ഥലത്ത് ക‌ൃഷിചെയ്യാൻ ധനസഹായം നൽകും. 
പച്ചക്കറി കർഷകർക്ക് പമ്പ് സെറ്റ്, സസ്യസംരക്ഷണ ഉപകരണം എന്നിവ 50 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കും. തരിശ് സ്ഥലത്ത് ക‌ൃഷിയിറക്കുന്നതിന‌് 30,000 രൂപ നൽകും. മഴമറ ക‌ൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 75 ശതമാനം സബ്‌സിഡി നിരക്കിൽ 50,000 രൂപ വരെ സഹായം നൽകും. 100 മഴമറ യൂണിറ്റുകൾക്കാണ‌് സഹായധനം നൽകുക. നൂതന രീതിയായ ക‌ൃത്യത ക‌ൃഷിയിൽ കണിക ജലസേചനം, ഫെർട്ടിഗേഷൻ ഉൾപ്പെടെ ചെയ്യാൻ 50 സെന്റിന്റെ യൂണിറ്റിന് 30,000 രൂപ സബ്‌സിഡി നൽകും. കുറഞ്ഞ സ്ഥലത്ത് കണിക ജലസേചനം നടത്താൻ ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ സിസ‌്റ്റം സ്ഥാപിക്കാൻ യൂണിറ്റിന് 7,500 രൂപ സബ്‌സിഡി അനുവദിക്കും. 
 അതത‌് പഞ്ചായത്തുകളിൽത്തന്നെ പച്ചക്കറിത്തൈകൾ  ഉൽപ്പാദിപ്പിക്കാൻ ചെറിയ പച്ചക്കറി നേഴ്‌സറികൾ സ്ഥാപിക്കും. ഇതിന‌് 3.5 ലക്ഷം രൂപ 
 അനുവദിച്ചിട്ടുണ്ട‌്.
ജില്ലയിൽ 130 സ്‌കൂളുകളിൽ 10 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറി ക‌ൃഷി ചെയ്യാൻ 4,000 രൂപ സബ്‌സിഡി നൽകും. സ്‌കൂളുകളിൽ ജലസേചനം നടത്താൻ മൂന്ന‌് യൂണിറ്റ് പമ്പ് സെറ്റ് ലഭ്യമാക്കും. പോഷകത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗത്തി, മുരിങ്ങ, കറിവേപ്പ് , പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 4,000 കിറ്റുകൾ 50 ശതമാനം സബ്‌സിഡിയോടെ വിതരണംചെയ്യും. ഗുണഭോക്താക്കളാകാൻ താത്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി കെ ഷീല പണിക്കർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top