കാസർകോട്
നെല്ലിക്കുന്ന് കസബയിൽ പാതിയിലായ കാസർകോട് മത്സ്യബന്ധന തുറമുഖം യാഥാർഥ്യമാകുന്നു. പിഎംഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ 70.53 കോടി രൂപയുടെ എസ്‌റ്റിമേറ്റ് കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണിത്. കേന്ദ്ര വിഹിതം 42.32 കോടിയും സംസ്ഥാന സർക്കാർ വിഹിതം 28.21 കോടി രൂപയുമാണ്. പുലിമുട്ടുകളുടെ നിർമാണത്തിലെ അശാസ്‌ത്രീയത കാരണമാണ് തുറമുഖം തുറന്നുകൊടുക്കാത്തത്. വടക്കേ പുലിമുട്ടിന് 240 മീറ്റർ വടക്കുഭാഗത്തായി 540 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കാനും നിലവിലുള്ള പുലിമുട്ട് 200 മീറ്റർ നീളം കൂട്ടാനുമാണ് പഠനറിപ്പോർട്ട് നിർദേശിച്ചത്.
നിലവിലുള്ള പുലിമുട്ടിന്റെ വടക്കുഭാഗത്തായി 200 മീറ്റർ കടൽഭിത്തി പൂർത്തിയായിട്ടുണ്ട്. പുലിമുട്ടുകളുടെ നീളം വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ ഗിയർ ഷെഡ്, വിശ്രമ കേന്ദ്രം, കാന്റീൻ, ബീച്ച് ലാൻഡിങ് ഫെസിലിറ്റി, ആഭ്യന്തര റോഡ്, വർക്ക്ഷോപ്പ് കെട്ടിടം, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, നെറ്റ് മെൻഡിങ് ഷെഡ്, സമീപന റോഡ്, ലേല ഹാൾ ഹാൾ, പാർക്കിങ് സൗകര്യം എന്നിവ പൂർത്തിയാക്കും. കാസർകോടിനൊപ്പം അനുവദിച്ച ചെറുവത്തൂർ മടക്കര, മഞ്ചേശ്വരം തുറമുഖങ്ങൾ നേരത്തെ തുറന്നു.
അനുവദിച്ചത്
എൽഡിഎഫ് സർക്കാർ
2010ൽ എൽഡിഎഫ് സർക്കാരാണ് നെല്ലിക്കുന്ന് കസബിയിൽ തുറമുഖം അനുവദിച്ചത്. 2010 ജനുവരി എട്ടിന് തറക്കല്ലിട്ട പദ്ധതിയുടെ ഒന്നാംഘട്ടം 2015 ഡിസംബറിൽ പൂർത്തിയായി. ആർകെവിവൈ പദ്ധതിയിൽ 29.75 കോടി രൂപയാണ് ചെലവിട്ടത്. പിന്നീട് പുലിമുട്ടിന്റെ നീളം കൂട്ടാൻ സംസ്ഥാന സർക്കാർ 17.20 കോടി രൂപ കൂടി നൽകി. പുലിമുട്ടുകളുടെ അകലം കുറവാണെന്ന് മത്സ്യത്തൊഴിലാളികളും തദ്ദേശവാസികളും പരാതിപ്പെട്ടതോടെ തുറമുഖം തുറക്കാനായില്ല. ഇതിനിടെ പുലിമുട്ടിലെ തിരയിളക്കത്തിൽപെട്ട് തോണി മറിഞ്ഞ് നെല്ലിക്കുന്ന് കസബയിലെ നാല് മീൻപിടിത്ത തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ വീടുകളും പുലിമുട്ടും സന്ദർശിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ പുലിമുട്ടിന്റെ അകലം കൂട്ടാൻ ആവശ്യമായ ഇടപെടൽ വേഗത്തിൽ നടത്തുമെന്ന് അറിയിച്ചു. പുതുക്കിയ മാതൃകയുടെ പഠനം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹാർബർ എൻജിനിയറിങ് കാസർകോട് ഡിവിഷനാണ് പുതിയ പ്രവൃത്തി നടത്തുക. ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..