29 February Saturday

ചില്ലറക്കാരല്ല, ചിത്തിരയിലെ ജ്യൂസുകൾ...

എസ്‌ ശ്രീലക്ഷ്‌മിUpdated: Wednesday Jan 29, 2020

കറ്റാർവാഴ ജ്യൂസ്‌ തയ്യാറാക്കുന്ന സുരേഷ്‌ബാബു

 
തിരുവനന്തപുരം 
നഗരം ചുറ്റി നടക്കുമ്പോൾ ഐസിട്ടൊരു ജ്യൂസ്‌ കുടിക്കാൻ തോന്നാറുണ്ടോ. എങ്കിൽ നേരെ തേക്കുംമൂട്‌ ചിത്തിര ഹെർബൽ ജ്യൂസ് പാർക്കിലേക്ക്‌ പാഞ്ഞോ... ഹെർബൽ ജ്യൂസിന്റെ പല അവസ്ഥാന്തരങ്ങൾ നുണയാം. ഒപ്പം പഴച്ചാറിലും പച്ചക്കറിയിലും രുചിപടർത്താൻ പിഎച്ച്‌ഡി എടുത്ത സുരേഷ്‌ ബാബു ചേട്ടന്റെ കൈപ്പുണ്യവും നേരിട്ടറിയാം. ഒരു ജ്യൂസുകടയെപ്പറ്റി എന്താണിത്ര പറയാനെന്ന്‌ സംശയിക്കേണ്ട.
ഒന്നല്ല... രണ്ടല്ല... 300 തരം വെറൈറ്റികളാണ്‌ ഇവിടെ പതഞ്ഞുപൊങ്ങുന്നത്‌. പാവയ്‌ക്ക, കോവയ്‌ക്ക, നെല്ലിക്ക, ഇഞ്ചി, കുരുമുളക്‌, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, തഴുതാമ, കറ്റാർവാഴ മുതൽ സാക്ഷാൽ കാന്താരിവരെയുണ്ട്‌. കൂട്ടത്തിൽ 18 ഔഷധം ചേർത്ത വെജിറ്റബിൾ ജ്യൂസിനാണ്‌ ആവശ്യക്കാരേറെ. ഫ്രൂട്ട്‌ കോക്‌ടെയ്‌ൽ, ഡ്രാഗൺ ഫ്രൂട്ട്‌ ഷേയ്‌ക്‌ തുടങ്ങിയ പരിഷ്‌കാരികളും തയ്യാർ.  “വെറുതെ ദാഹം മാറ്റാൻ ഒരു ജ്യൂസ്‌ എന്നതല്ല, കടയിൽ എത്തുന്നവരുടെ ആരോഗ്യ സംരക്ഷണംകൂടിയാണ്‌ ലക്ഷ്യം. പഴവും പച്ചക്കറിയും ഉപ്പുവെള്ളത്തിൽ കഴുകിയേ ഉപയോഗിക്കാറുള്ളൂ’  –-സുരേഷ്‌ ബാബു പറയുന്നു. 
20 വർഷംമുമ്പ്‌ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ എത്തിയപ്പോഴാണ്‌ ജ്യൂസ്‌ കട തുടങ്ങിയത്‌. തുടർന്നാണ്‌ ജ്യൂസിൽ പരീക്ഷണങ്ങൾക്ക്‌ തുടക്കവും. ഇതിൽ വിജയിച്ച 300 ഐറ്റമാണ്‌ നിലവിൽ വിൽക്കുന്നത്‌. ആയിരത്തിലധികംപേർ ദിവസവും ഇവിടെ എത്തുന്നു. കൂടുതലും വർഷങ്ങളായുള്ള കസ്റ്റമേഴ്‌സ്‌. “15 വർഷമായി ഇവിടെ വരുന്നു, ഓർഡർ ചെയ്യേണ്ട കാര്യമില്ല.
 മാതളം, നെല്ലിക്ക, ഇളനീര്‌, കറ്റാർവാഴ, തേൻ എന്നിവ ചേർത്തൊരു ജ്യൂസ്‌ സുരേഷ്‌ തന്നാലുണ്ടല്ലോ സാറെ... ദാഹവും ക്ഷീണവും പമ്പ കടക്കും. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന വഴുതക്കാട്‌ സ്വദേശി രാജീവ്‌ കുമാരസ്വാമി പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top