20 October Wednesday

ക്യാമ്പസുകൾ ഉണരുന്നു

സ്വന്തം ലേഖകൻUpdated: Tuesday Sep 28, 2021
 
മലപ്പുറം  
അടച്ചുപൂട്ടൽ കാലത്തെ ഇ–- വഴി വിട്ട്‌ സജീവമാകാൻ ക്യാമ്പസുകൾ ഒരുങ്ങി. അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾക്ക്‌ നാലുമുതൽ ക്ലാസ്‌ ആരംഭിക്കും. കോവിഡ്‌ മാനദണ്ഡം പൂർണമായും പാലിച്ചാണ്‌ കോളേജുകൾ പ്രവർത്തിക്കുക. ഇതിന്‌ കോളേജുതലത്തിൽ അധ്യാപകർ, പിടിഎ ഭാരവാഹികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിക്കും.
 
സമയം 
കോളേജുകൾക്ക്‌ 
തീരുമാനിക്കാം
ബിരുദ വിദ്യാർഥികൾക്ക്‌ അഞ്ചാം സെമസ്റ്ററും പിജിക്ക്‌ മൂന്നാം സെമസ്റ്റർ ക്ലാസുമാണ്‌ നടക്കുക. സമയം കോളേജുകൾക്ക്‌ തീരുമാനിക്കാം. ആഴ്‌ചയിൽ 25 മണിക്കൂർ ക്ലാസ്‌ ലഭിക്കാവുന്നരീതിയിൽ സമയം ക്രമീകരിക്കണം. പിജിതലത്തിൽ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചാകും ക്ലാസ്‌. ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ ദിവസേനയോ ക്ലാസ്‌ നടത്താം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക്‌ പ്രാധാന്യം നൽകും.   
 
ലൈബ്രറികളും 
തുറക്കും
കോളേജ്‌ തുറക്കുന്നതോടെ ഗവേഷണ വിദ്യാർഥികൾക്കായി പ്രോട്ടോകോൾ പാലിച്ച്‌ സർവകലാശാല–-കോളേജ്‌ ലൈബ്രറികളും തുറക്കും. ഹോസ്റ്റലുകൾ, ലബോറട്ടറികൾ എന്നിവയും പ്രവർത്തിക്കും. വിദ്യാർഥികൾ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചെന്ന്‌ ഉറപ്പാക്കും. നിലവിൽ സിഎഫ്എൽടിസികളും ക്വാറന്റൈൻ കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്ന കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയും പ്രവർത്തന സജ്ജമാക്കും.
 
കൈവിടരുത്  
ജാഗ്രത 
കോവിഡ് രോഗലക്ഷണമുള്ളവരും സമ്പർക്ക പട്ടികയിലുള്ളവരുമായ ജീവനക്കാരും വിദ്യാർഥികളും കോളേജുകളിൽ എത്തരുത്. വിദ്യാർഥികൾ ഭക്ഷണം, കുടിവെള്ളം, പഠനോപകരണം എന്നിവ പങ്കുവയ്ക്കരുത്. 
കോളേജ് തുറക്കുന്നതിനുമുമ്പ്‌ ക്ലാസ്‌മുറികളും പരിസരവും ശുചീകരിച്ച്‌ അണുവിമുക്തമാക്കും. ഒന്നും രണ്ടും വർഷ ക്ലാസുകൾ ഓൺലൈനായി തുടരും. അവസാന വർഷ വിദ്യാർഥികളുടെ ക്ലാസുകൾ വിലയിരുത്തിയാകും മറ്റ്‌ ക്ലാസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top