13 July Monday

അതിഥി തൊഴിലാളികളുടെ അഞ്ചാം സംഘവും ചുരമിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

സ്വദേശത്തേക്ക്‌ മടങ്ങാൻ കൽപ്പറ്റയിലെത്തിയ അതിഥി തൊഴിലാളികൾ

സ്വന്തം ലേഖകൻ
കൽപ്പറ്റ
ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുടെ അഞ്ചാമത്തെ സംഘവും മടങ്ങി. അരുണാചൽ പ്രദേശ്‌, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽനിന്നുള്ള 52 പേരാണ്‌ ബുധനാഴ്‌ച ചുരമിറങ്ങിയത്‌. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന ഇവരെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കൊണ്ടുവന്നു. പരിശോധനകൾക്ക്ശേഷം   രണ്ട്‌ കെഎസ്‌ആർടിസി ബസ്സുകളിലായി പാലക്കാട്ട്‌ എത്തിച്ചു. ഇവിടെ നിന്നും ട്രെയിനിൽ എല്ലാവരും നാട്ടിലേക്ക്‌ തിരിച്ചു. രാത്രി 12.15നായിരുന്നു ട്രെയിൻ. മൂന്നുനേരത്തെ ഭക്ഷണവും കൊടുത്തയച്ചു. കൽപ്പറ്റയിൽനിന്നും ബസ്സിൽ കയറ്റുന്നതിന്‌ മുമ്പ്‌ എല്ലാവരെയും ആരോഗ്യപരിശോധനക്ക്‌ വിധേയമാക്കി. അഞ്ചാമത്തെ സംഘത്തിൽ 11 പേർ സ്‌ത്രീകളും 41 പുരുഷന്മാരുമായിരുന്നു.
കഴിഞ്ഞ 15 മുതലാണ്‌ ജില്ലയിലുള്ള അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക്‌ പറഞ്ഞയക്കാൻ തുടങ്ങിയത്‌. രാജസ്ഥാൻ, ജാർഖണ്ഡ്‌  സംസ്ഥാനങ്ങളിൽനിന്നുള്ള 802 പേരെയാണ്‌ ആദ്യം യാത്രയാക്കിയത്‌. ഇവർക്ക്‌ കോഴിക്കോടുനിന്നായിരുന്നു ട്രെയിൻ. 32 ബസുകളിലാണ്‌ ഇവരെ കോഴിക്കോട്‌ എത്തിച്ചത്‌. 22ന്‌ 26 രാജസ്ഥാൻ സ്വദേശികളെ പറഞ്ഞയച്ചു. 23, 24 തിയതികളിലായി രണ്ട്‌ സംഘം മടങ്ങി. മണിപ്പൂർ, സിക്കിം, മിസോറാം, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള 65 പേരാണ്‌ രണ്ട്‌ സംഘങ്ങളായി മടങ്ങിയത്‌. ഇവർക്കും പാലക്കാട്‌ നിന്നായിരുന്നു ട്രെയിൻ. ഏഴായിരത്തോളം അതിഥി തൊഴിലാളികളാണ്‌  നാടുകളിലേക്ക്‌ തിരിച്ചുപോകാനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഇതിൽ അയ്യായിരത്തോളംപേർ പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ്‌. റെയിൽവേ ബംഗാളിലേക്കുള്ള ട്രെയിൻ അനുവദിക്കാത്തതിനാല ഇവരെ തിരിച്ചയക്കാൻ സാധിച്ചിട്ടില്ല. ട്രയിൻ ലഭ്യമാകുന്നമുറക്ക്‌ ഇവരെ പറഞ്ഞയക്കുമെന്ന്‌  ജില്ലാ ലേബർ ഓഫീസർ  കെ സുരേഷ്‌ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ അതിഥി തൊഴിലാളികളുടെ സംരക്ഷണം.  തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ്‌  തിരികെ അയക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്‌.
പ്രധാന വാർത്തകൾ
 Top